ബാല്യം

നിറ മഞ്ഞിൽ വഴി കീറി വന്നെത്തി ഇളവെയിൽ
പൊൻ തൂവൽ വീശുമൊരു പുലർക്കാല പക്ഷി പോൽ …
പാതിയോളം വിണ്ട പാട വരമ്പേറി ,
കുളിർ മഞ്ഞു താങ്ങുമാ തളിർ പുല്ലിൻ തലോടലിൽ ,
ഇളവെയിൽ ചൂടിൻ സുഖമറിഞ്ഞു നടന്നു നാം …

ഇഴ വിട്ട നിക്കറും , പുസ്തക സഞ്ചിയും
കയ്യിലും തോളിലും താങ്ങി നടക്കവേ ..
ഇട വഴിക്കിരുവശം ഉയർന്നൊരാ മതിൽ ചാടി
ആരാരും അറിയാതെ ആരാന്റെ അതിരിലെ –
ചുവന്ന ചാമ്പയ്ക്കകൾ പതുങ്ങി പറിച്ചതും ,
പാടത്തിനരുകിലായ് കതിർ തഴുകി ഒഴുകുന്ന ,
ഓലിയിലെ വെള്ളം മോന്തിക്കുടിച്ചന്നു –
നോക്കെത്താ ദൂരത്തെ സ്കൂളിലേക്കോടി നാം…

അന്നെന്റെ ഹൃദയത്തിനൊരുകൊച്ചു പൂവും ,
തരള മന്ദസ്മിതം തന്നിരുന്നു…
അന്നെന്റെ മനസ്സിനെ പരവശമാക്കുവാൻ –
ആ പാൽ ഐസിൻ മണി പോന്നതായി….
അൻപതു പൈസയാൽ ആകാശം നേടി ഞാൻ –
അഞ്ചു രൂപയാൽ കുബേരനായ നാൾ …

നൽ തളിർ തിന്നെന്നും പൊൻതൂവൽ വീശുന്ന –
പൂമ്പാറ്റയോടോത്തു കളിച്ചു നിൽക്കവേ ,
വെയ് ലുമായ് മഴയൊന്നു പറയാതെ വന്നാലും ,
പിണങ്ങാതെ കുറുക്കനെ കെട്ടിച്ച നാളുകൾ ….

എപ്പോഴോ , വഴിയിലെ നഗ്ന പാദത്തിൽ ,
തറച്ച മുള്ളന്നൊരു തിരിച്ചറിവായതും ,
എന്നുമെൻ ചൂടിൽ സ്വയം തണലായ് ഉരുകിയ ,
പടുവൃക്ഷം എന്നിൽ പകർന്ന സന്ദേശവും ,
വിശപ്പറിഞ്ഞെന്നപോൽ ഒരു കൊച്ചു മാമ്പഴം ,
കാറ്റിന്റെ കൈകളിൽ അയയ്ക്കുമാ കോമാവും ,
മാഞ്ചുന വീണു തുടുത്ത കവിളത്തമ്മ ,
ദിനം തരും സ്നേഹമൊരുക്കിയ മുത്തവും…
പെയ്തൊഴിയാത്തോരീ ഓർമ്മ തൻ മഴയിലായ് ,
ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു,
എന്റെ ,
ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു…..

അനൂപ് മോഹൻ

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a ReplyOR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura