Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » ക്രിക്കറ്റ് – രാജേഷ് എൽ ആർ

ക്രിക്കറ്റ് – രാജേഷ് എൽ ആർ

സമയം ഉച്ച കഴിഞ്ഞു 3 മണി ആയിട്ടുണ്ടാവും. ബിനു വീടിനു പുറത്തേക്കിറങ്ങി, ഇരുണ്ടു കിടക്കുന്ന ആകാശത്തിലേക്ക് നോക്കിയിട്ട് അല്പം നിരാശയോടെ തിരിഞ്ഞു നടന്നു. “ഇന്നും കളിയ്ക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഇത് ഒരു നശിച്ച മഴയാണല്ലോ. എന്നും കൃത്യമായിട്ട് വൈകിട്ടാകുമ്പോൾ ഒരു ഒടുക്കത്തെ മഴ””. അവൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി ടിവിയിൽ സിനിമ കാണുന്നത് തുടർന്നു. കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറിൽ, പല തവണയായി അവൻ ഇങ്ങിനെ ഇടയ്ക്കിടെ പുറത്തു പോയി നോക്കി കൊണ്ടിരിക്കുകയാണ്. വേനൽ ആവധി ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ എന്നും വൈകിട്ട് ഇതാണ് അവന്റെ പരിപാടി. വൈകുന്നേരം വേറെ ഒരു പരിപാടിക്കും അവനെ കണികാണാൻ കിട്ടില്ല. കാലത്ത് ഉറക്കം എണീറ്റാൽ എങ്ങിനെ എങ്കിലും വൈകുന്നേരം ആയാൽ മതിയെന്നാവും ചിന്ത. ഊണിലും ഉറക്കത്തിലും ഒറ്റ ചിന്ത മാത്രം – “കളിക്കുക”. കോളേജിൽ പോയി തുടങ്ങിയതിനു ശേഷവും ഈ പതിവുകളിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. കോളേജിൽ നിന്ന് ഉച്ച ആകുമ്പോഴേക്കും അവൻ കളിക്കാൻ വേണ്ടി മുങ്ങും. കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ആണ് അവന്റെയും കൂട്ടുകാരുടേം കളിക്കളം. കൂട്ടുകാർ എന്ന് പറഞ്ഞാൽ സമപ്രായക്കാർ ആണ് എന്നും ആരും ധരിക്കരുത്. 16 വയസ്സുള്ള അവന്റെ കൂടെ കളിയ്ക്കാൻ 32 വയസുള്ള ഗിരിയേട്ടൻ വരെ ഉണ്ട്. വയൽ കൊയ്ത്തു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ എല്ലാപേരും കൂടെ ഒരു സംഘം ആയിട്ട് ഇറങ്ങും – പിച്ച് തയ്യാറാക്കാൻ. മണ്വെട്ടി കൊണ്ട് വയലിൽ നല്ല ഭംഗിയായിട്ട് ദീർഘ ചതുരത്തിൽ വെട്ടി നിരപ്പാക്കി ക്രിക്കറ്റ് പിച്ച് തയ്യാറാക്കും. കഴിഞ്ഞ നാലഞ്ച് വർഷമായിട്ട്, ബാറ്റ് ഉണ്ടാക്കുന്ന കർമം ബിനു ആണ് ഏറ്റെടുക്കുന്നത്. പലതരത്തിൽ പല വലിപ്പത്തിൽ ഉള്ള ബാറ്റുകൾ അവൻ തയ്യാറാക്കും. ആദ്യമൊക്കെ തെങ്ങിൻറെ പച്ച മടൽ ആണ് ബാറ്റ് ആയിട്ടു രൂപപ്പെടുത്തി എടുക്കുന്നത്. വെട്ടി മിനുക്കി, പിടിക്കാൻ പാകത്തിന് ഒക്കെ ശരിയാക്കി അവൻ നേരത്തെ തന്നെ ഗ്രൗണ്ടിൽ എത്തിയിരിക്കും. പക്ഷെ ഇങ്ങിനെ ഉള്ള ബാറ്റിന്റെ പ്രശ്നം, അത് ഉപയോഗിച്ച് അധികം കളിയ്ക്കാൻ പറ്റില്ല എന്നുള്ളതാണ്. ഏറിയാൽ രണ്ടു നാൾ. കുറച്ചു കളിക്കുമ്പോൾ തന്നെ ബാറ്റിന്റെ പിടി ഒടിഞ്ഞു പോകും. ഇടയ്ക്കു സ്കൂൾ ഗ്രൗണ്ടിൽ ഒരു ടൂർണമെന്റ് കാണാൻ അവൻ പോയിരുന്നു. അന്ന് കളിച്ച ടീമുകൾ പലകയിൽ നന്നായി ചീകിയെടുത്ത ബാറ്റുകളുമായി കളിക്കുന്നത് കണ്ടപ്പോൾ ആണ്, അങ്ങിനെ പലക വെച്ച് ബാറ്റ് ഉണ്ടാക്കാമല്ലോ എന്ന് അവനും ചിന്തിച്ചത്. അവന്റെ വീട് പണി നടക്കുന്ന സമയം ആയതു കാരണം, പലകയ്ക്ക് വീട്ടിൽ യാതൊരു ക്ഷാമവും ഇല്ലായിരുന്നു. വീട്ടിൽ മറ്റാരും കാണാതെ,തടി പലക നല്ല ആകൃതിയോടെ ബാറ്റിന്റെ രൂപത്തിൽ അവൻ വെട്ടി ഉണ്ടാക്കും. വെട്ടുകത്തി ആണ് ആയുധം. തടി ബാറ്റ് ഉണ്ടാക്കി തുടങ്ങിയതിൽ പിന്നെ, 1-2 എണ്ണം കൊണ്ട് ആ വേനലവധി മുഴുവനും കളിയ്ക്കാൻ പറ്റുമായിരുന്നു. അങ്ങിനെ കൂട്ടകാർക്ക് ഇടയിൽ, നല്ലൊരു ബാറ്റ് നിർമാണ വിദഗ്ദ്ധൻ ആയി അവൻ അറിയപ്പെട്ടു.

ഈ വർഷവും, പതിവ് പോലെ ബിനുവിൻറെയും കൂട്ടരുടെയും സീസണ് ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ ആണ് വേനൽ മഴയുടെ ശല്യപ്പെടുത്തൽ. കഴിഞ്ഞ മൂന്നു നാലു ദിവസമായി കൃത്യമായിട്ട് വൈകുന്നേരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഴയെ ശപിക്കാൻ മാത്രമേ അവനും കൂട്ടുകാർക്കും കഴിയുമായിരുന്നുള്ളൂ. ചാറ്റൽ മഴ ആണെങ്കിൽ പോലും അവർ അത് സാരമാക്കാതെ കളിക്കാറുണ്ട്. മഴ ചാറി തുടങ്ങിയാൽ പിന്നെ അടുത്ത പ്രാർത്ഥന അത് ശക്തമാകരുതെ എന്നാണ്. ശക്തമായിട്ടു പെയ്താൽ, വയലിൽ വെള്ളം നിറയും. പിന്നെ കളിയ്ക്കാൻ ബുദ്ധിമുട്ടാണ്.ഇന്നും എന്നത്തേയും പോലെ ആകാശത്തിൽ കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടുന്നത് അവൻ ദുഖത്തോടെ വീക്ഷിച്ചു.പക്ഷെ ഏകദേശം 3.30 ആയിട്ടും മഴ ആരംഭിക്കുന്നതിൻറെ ഒരു ലക്ഷണവും കാണാത്തത് കൊണ്ട് അവൻ ബാറ്റുമായിട്ടു കളിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. നാരായണേട്ടന്റെ മുറുക്കാൻ കട കടന്നു വേണം കളിക്കുന്ന സ്ഥലത്ത് എത്തി ചേരാൻ. വേനലവധി ആകുമ്പോൾ നാരായണേട്ടനും റബ്ബർ പന്ത് വാങ്ങി വിൽക്കാൻ ഇടും. ദിവസേന ഒരു പന്തെങ്കിലും നാരായണേട്ടന് ചിലവാകും എന്നുള്ള കാര്യം ഉറപ്പാണ്. ബിനു കടന്നു പോയപ്പോൾ നാരായണേട്ടൻ ആത്മഗതം പോലെ പറഞ്ഞു. “ദേ പോണൂ, നിലം തല്ലിയുമായിട്ടു”. നാട്ടിൻ പുറത്തുള്ള പഴയ ആൾക്കാർക്ക് ബാറ്റ് എന്താണ് എന്നു അറിയില്ല.അവർക്ക് ഇത് നിലംതല്ലി ആണ്. തറ അടിച്ചു ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു പലക. ബാറ്റ് പോലെ പിടി ഒക്കെ ഉള്ളതാണ്. ബിനു അത്തരത്തിൽ ഉള്ള ഒരെണ്ണം അവന്റെ അപ്പൂപ്പൻറെ ശേഖരത്തിൽ മുമ്പ് കണ്ടിട്ടുണ്ട്. നാരായണേട്ടന്റെ കട കടന്നു കുറച്ചു നടന്നാൽ അവർ കളിക്കുന സ്ഥലം ആയി. അവിടെ എത്തിയപ്പോൾ, ബാക്കി ടീം അംഗങ്ങൾ അവനെ കാത്തിരിക്കുന്നത് അവൻ കണ്ടു.
“എന്തുവാടെ ബിനു? കുറെ നേരമായല്ലോ നിന്നെയും നോക്കി ഞങ്ങൾ ഇവിടെ നില്ക്കുന്നു. കുറച്ചു കൂടെ നേരത്തെ വന്നു കൂടായിരുന്നോ നിനക്ക് “. അനിയേട്ടൻ അവനോടു ചോദിച്ചു.
“അത് ചേട്ടാ മഴ നോക്കി നിന്നതാണ്. പെയ്യുമൊന്നു ഒന്ന് സംശയിച്ചു”. അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
എന്നാൽ നമുക്ക് ടീം എടുത്തു കളി തുടങ്ങാം എന്ന് അനിയേട്ടൻ പറഞ്ഞത് എല്ലാരും അനുകൂലിച്ചു. അവർ രണ്ടു ടീമുകൾ ആയി വിഭജിച്ച്, ടോസ് ഇട്ടു കളി ആരഭിച്ചു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശക്തമായ ഇടിയും മഴയും ആരംഭിച്ചു. മഴ ശക്തി പ്രാപിച്ചതോടെ, അവർ എല്ലാവരും ഓടി നാരായണേട്ടന്റെ കടയുടെ വരാന്തയിൽ കയറി മഴ നനയാതെ ഒതുങ്ങി നിന്നു. അവിടെ നിൽക്കുമ്പോൾ ആണ് അവൻ ഒരു കാര്യം ഓർത്തത്. മാർക്കറ്റ്ന്റെ അടുത്തുള്ള ഒരു കൂട്ടുകാരൻ മാച്ച് കളിയ്ക്കാൻ വിളിച്ച കാര്യം. മിക്ക ആഴ്ച്ചകളിലും എവിടെയെങ്കിലും ഒരു മാച്ച് കളിക്കുന്ന പതിവ് അവർക്ക് ഉണ്ട്. അനിയേട്ടനോട് മാച്ചിന്റെ കാര്യം അവൻ അപ്പോൾ തന്നെ പറഞ്ഞു. ജയിക്കുന്ന ടീമിന് എതിർ ടീം ഒരു ബോൾ വാങ്ങി കൊടുക്കണം. അതാണ് ജയിക്കുന്നവർക്കുള്ള സമ്മാനം. അങ്ങിനെ ഈ ഞായറാഴ്ച രാവിലെ കളിക്കാം എന്ന് തീരുമാനിച്ചു. അന്നത്തെ മഴ ശക്തമായത് കാരണം വയലിൽ വെള്ളം നിറഞ്ഞു. എന്തായാലും കളി തുടരാൻ പറ്റില്ല എന്ന് അവർക്ക് മനസിലായി. മഴയുടെ ശക്തി ഒന്ന് ശമിച്ചപ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.വെള്ളം നിറഞ്ഞത് കാരണം ഇപ്പോഴത്തെ അവസ്ഥയിൽ ഈ ഗ്രൗണ്ടിൽ എന്തായാലും ഇനി 2 ദിവസത്തേക്ക് കളിയ്ക്കാൻ പറ്റില്ല എന്ന് അവർക്ക് ഉറപ്പായി. എന്തായാലും ഞായറാഴ്ച പഞ്ചായത്ത് ഗ്രൗണ്ടിൽ പോയി കളിക്കാമല്ലോ എന്ന സന്തോഷത്തിൽ ആണ് അവൻ വീട്ടിലേക്ക് പോയത്. കളി ഉറപ്പിച്ച കാര്യം അവൻ കൂട്ടുകാരനോട് അടുത്ത ദിവസം കോളേജിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.

അങ്ങിനെ കളിക്കുന്ന ദിവസം വന്നെത്തി. രണ്ടു മൂന്നു ദിവസം എങ്ങിനെ തള്ളി നീക്കി എന്നുള്ളത് അവനു തന്നെ ഒരു രൂപവും ഇല്ലായിരുന്നു. രാവിലെ തന്നെ ആഹാരം കഴിച്ച ഉടനെ, ബാറ്റും എടുത്തു അവൻ വീട്ടിൽ നിന്ന് ഇറങ്ങി.എല്ലാവരും സ്ഥിരം കൂടുന്ന സ്ഥലത്തേക്ക് നടന്നു. നാരായണേട്ടന്റെ കടയുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും നാരായണേട്ടൻ വക കമന്റ് എത്തി.
“ഇന്ന് നിലംതല്ലിയുമായി നേരത്തെ ആണല്ലോ നീ. കാലത്തേ തന്നെ തുടങ്ങാനാണോ പരിപാടി, ബിനു?”.
“അത് നാരയണേട്ടാ, ഇന്ന് വേറെ ഒരു ടീമും ആയിട്ടാണ് കളി. പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച്”. എന്ന് പറഞ്ഞിട്ട് അവൻ മുന്നോട്ടു നീങ്ങി. അവിടെ കൂടുതൽ നേരം നിന്നാൽ നാരായണേട്ടൻ വിടില്ല . ഓരോന്ന് കുത്തി കുത്തി ചോദിച്ചു കൊണ്ടേയിരിക്കും. എല്ലാവരും കൂടുന്ന സ്ഥലത്ത് അവൻ എത്തിയപ്പോൾ, അവിടെ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.അവൻ അവിടെ ഉണ്ടായിരുന്ന ഒരു കൽ പടിക്കെട്ടിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരായി എത്തി.എല്ലാവരും എത്തിക്കഴിഞ്ഞപ്പോൾ, അവർ ഒരുമിച്ച് പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് നടന്നു.
ഗ്രൗണ്ടിൽ എത്തിയപ്പോൾ എതിർ ടീമും എത്തിയിരുന്നു. കാണികളായി എതിർ ടീമുകാരുടെ കുറെ കൂട്ടുകാരും ഉണ്ടായിരുന്നു. അധികം വൈകാതെ ടോസ് ഒക്കെ ഇട്ടു കളി ആരഭിച്ചു. ബിനുവിന്റെ ടീം ആണ് ആദ്യം ബാറ്റിംഗ് ചെയ്തത്. കളി വളരെ ആവേശത്തോടെ നടക്കുന്നുണ്ടായിരുന്നു. അവനു നന്നായി ബാറ്റ് ചെയ്യാൻപറ്റി എന്നുള്ള സന്തോഷം അവനും ഉണ്ടായിരുന്നു. ബിനുവിന്റെ ടീം ബൗളിംഗ് ചെയ്തു കൊണ്ടിരുന്നപ്പോൾ പുറത്തു നിലക്കുന്നവരുടെ കമന്റ്സ് അതിര് വിടുന്നത് അവൻ ശ്രദ്ധിച്ചു. ആ കൂട്ടത്തിലെ നേതാവ് ആ പ്രദേശത്തെ ഒരു വല്യ പണക്കാരന്റെ മകൻ ആണ്. അവന്റെ പേര് ജോർജ് എന്നാണ്. ബിനുവിനു അവനെ കോളേജിൽ വെച്ച് തന്നെ അറിയാം. അത്യാവശ്യം വില്ലത്തരങ്ങൾ ഒക്കെ ജോർജിന്റെ കയ്യിൽ ഉണ്ട് എന്ന് അവനു അറിയാം. കോളേജിൽ ജൂനിയർ കുട്ടികളിൽ നിന്ന് കാശു പിടിച്ചു വാങ്ങാനും, ബസിൽ കയറി പെണ്കുട്ടികളോട് അനാവശ്യ പ്രവർത്തികൾ ചെയ്യാനും ഒക്കെ, ജോർജിന്റെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ഉണ്ട്. ബിനുവിന്റെ ടീമിലെ ചേട്ടന്മാർക്കു ജോർജിന്റെ കമന്റ്സ് ഒട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അവർ ഇടയ്ക്കിടെ ദേഷ്യത്തോടെ ജോർജിനെ നോക്കുന്നത് അവൻ കണ്ടു. അതൊന്നും കൂസാക്കാതെ ജോർജ് വീണ്ടും വീണ്ടും കമന്റടി തുടർന്ന് കൊണ്ടിരുന്നു.
പെട്ടെന്നാണ് ബിനുവിന്റെ ടീമിലെ അനുവേട്ടൻ അടുത്ത് കിടന്ന ബാറ്റ് എടുത്തു ജോർജിന്റെ അടുത്തേക്ക് പോകുന്നത് അവൻ കണ്ടത്. ബാറ്റ് കൊണ്ട് ജോർജിന്റെ മുതുകിൽ മൂന്നു നാല് അടി കൊടുത്തതും, ബാക്കി എല്ലാവരും കൂടെ പിടിച്ചു മാറ്റിയതും, എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ജോർജിനെ അവന്റെ കൂട്ടുകാർ ആരോ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതും അവൻ കണ്ടു. എന്തായാലും അതോടെ കളി മുടങ്ങി. എല്ലാം ഒന്ന് അടങ്ങിയപ്പോൾ എതിർ ടീമിലെ കളിക്കാരും പോയി. അവനും, ഒന്ന് രണ്ടു കൂട്ടുകാരന്മാരും കൂടെ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം ഇരുന്നു. ജോർജ് ഒരു പ്രശ്നക്കാരൻ ആയതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന് അവനു പേടി തോന്നി. കുറച്ചു നേരം അങ്ങിനെ ഇരുന്നിട്ട്, അവർ എല്ലാവരും തിരിച്ചു വീട്ടിലേക്ക് നടന്നു.വീട്ടിലേക്ക് നടക്കുമ്പോൾ, മറ്റുള്ള ചേട്ടന്മാർ അവനെ ഒന്ന് പേടിപ്പിച്ചു. അനുവേട്ടൻ അവനോടു പറഞ്ഞു “ആ ചെക്കൻ കോളേജിൽ നിന്നോട് എന്തെങ്കിലും പ്രശ്നത്തിന് വന്നാൽ നീ ഞങ്ങളോട് പറഞ്ഞാൽ മതി. ഞങ്ങൾ അവനെ കൈകാര്യം ചെയ്തോളാം, കേട്ടോ ബിനു”. അവർ എന്തിനാണ് ഇതൊക്കെ അവനോടു പറയുന്നത് എന്ന് അവനു മനസിലായില്ല.സാധാരണയായി ഇവരുടെ കൂടെ ക്രിക്കറ്റ് കളിയ്ക്കാൻ മാത്രമേ താൻ പോകാറുള്ളൂ. ഈ ചേട്ടന്മാരെ കുറിച്ച് നാട്ടിലുള്ള പൊതു ധാരണ പ്രശ്നക്കാരാണ് എന്നാണ്. അത് കൊണ്ട് കൂട്ട് കൂടാൻ പോകുന്നത് അവനും ഇഷ്ടമല്ല. ഇനി ഈ പ്രശ്നം മുതലാക്കി തന്നെയും ഇവരുടെ കൂട്ടത്തിൽ ആക്കാനുള്ള പരിപാടി ആണോ എന്ന് അവന്റെ ഉള്ളിൽ സംശയം ഉടലെടുത്തു. മുമ്പ് പല തവണ കറങ്ങാൻ പോകാൻ വിളിക്കുമ്പോൾ അവൻ എന്തെങ്കിലും കാരണം ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറാറുണ്ട്. സംശയങ്ങൾ ഒക്കെ തൽകാലം മനസ്സിൽ അടക്കിയിട്ടു, തനിക്കു ജോർജിനെ നേരിട്ട് പരിചയമുള്ളത് കൊണ്ട് പ്രശ്നമൊന്നുമില്ല എന്ന് അവൻ അവരോടു പറഞ്ഞു. എങ്കിലും അവന്റെ ഉള്ളിലും ഒരു ചെറിയ ആശങ്ക ഉണ്ടായിരുന്നു. അത് അവൻ പുറത്തു കാണിച്ചില്ല.
വീട്ടിൽ എത്തി ഊണ് കഴിച്ചു ആരോടും ഒന്നും പറയാതെ അവൻ മുറിയിൽ കയറി ഒന്ന് ഉറങ്ങി. വൈകുന്നേരം ആയപ്പോൾ അമ്മ അവനെ കുലുക്കി ഉണർത്തി. അമ്മ ദേഷ്യം കൊണ്ട് കലി തുള്ളി നില്ക്കുകയാണ്. അവനെ നോക്കി ദേഷ്യത്തോടെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഉറക്കത്തിൽ നിന്ന് എണീറ്റത് കാരണം അവനു ആദ്യം ഒന്നും മനസിലായില്ല. എന്തോ പ്രശ്നം ഉണ്ടായി എന്ന് അവൻ ഊഹിച്ചു. അവൻ പതിയെ എണീറ്റ് വീടിന്റെ വരാന്തയിലേക്ക് ഇറങ്ങി. അടുത്ത വീട്ടിലെ അനന്ദുവേട്ടൻ പുറത്തു നിക്കുന്നത് അവൻ കണ്ടു. അനന്ദുവേട്ടൻ ആണ് അവനോടു കാര്യങ്ങൾ ഒക്കെ പറഞ്ഞത്. രാവിലത്തെ അടിയുടെ ബാക്കി കുറച്ചു മുമ്പ് കവലയിൽ നടന്നു എന്ന്. നാരായണേട്ടന്റെ കടയുടെ മുന്നിൽ കുറെ ആൾക്കാർ വന്നു ഭീഷണി മുഴക്കിയിട്ട് പോയി. ബിനുവും ഈ അടിയിൽ ഒക്കെ ഉണ്ടായിരുന്നു എന്ന് അനുവേട്ടൻ എല്ലാപേരോടും പറഞ്ഞു നടക്കുകയാണ് എന്ന് അനന്ദുവേട്ടൻ പറഞ്ഞു. ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് അവനു പിടി കിട്ടി. ഇത് അറിഞ്ഞിട്ടാവും അമ്മ ഇങ്ങിനെ ദേഷ്യപ്പെടുന്നത്. എന്തായാലും അന്ന് അവൻ പുറത്തു എവിടേക്കും പോകാതെ മുറിയിൽ അടച്ചിരുന്നു. രാത്രി മുഴുവനും അവൻ ഭീതിയോടെ ആണ് കഴിച്ചു കൂട്ടിയത്.എന്തായാലും രാത്രിയിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. പിറ്റേന്ന് അനന്ദുവേട്ടൻ കണ്ടപ്പോൾ ജോർജിന്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു എന്നു അവനോടു പറഞ്ഞു. അതിനടുത്ത ദിവസം കോളേജിൽ പോകാനുള്ള ധൈര്യം അവനില്ലായിരുന്നു. അത് കൊണ്ട് പോയില്ല. രണ്ടു ദിവസം കഴിഞ്ഞു അവൻ കോളേജിൽ പോയി തുടങ്ങി. ജോർജ് അപ്പോഴും കോളേജിൽ വരുന്നുണ്ടായിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ ജോർജ് കോളേജിൽ വന്നു തുടങ്ങി. പക്ഷെ ബിനുവിനെ കണ്ടിട്ടും ജോർജ് പ്രത്യേകിച്ച് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യ്തില്ല. ആ ഞായറാഴ്ച, അടി നടന്നപ്പോൾ കൂടെ കളിക്കാൻ ഉണ്ടായിരുന്ന മനോജ്,ബിനുവിനെ വന്നു വിളിച്ചു. അടിയുടെ കേസ് ഒത്തുതീർപ്പിന് അടുത്ത ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ പോകണം എന്നു പറയാൻ ആണ് വന്നത്. ഇത്രയും കാലം പോലീസ് സ്റ്റേഷനിൽ പോയിട്ടില്ലാത്ത അവൻ അത് കേട്ടപ്പോൾ ശരിക്കും പേടിച്ചു. അമ്മാവനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു അവൻ തൽകാലം രക്ഷപെട്ടു. അമ്മാവനോട് ചോദിച്ചപ്പോൾ, അവനു ആദ്യം കുറെ വഴക്ക് കിട്ടി. ആവശ്യമില്ലാത്ത കൂട്ടുകെട്ടിന് പോയാലുള്ള അനുഭവം ഇതാണ് എന്നു പറഞ്ഞായിരുന്നു വഴക്ക്. അവസാനം അവനോടു പറഞ്ഞു, “നീ അല്ലല്ലോ അടിച്ചത്, അത് കൊണ്ട് നീ പോകേണ്ട കാര്യം ഒന്നുമില്ല”. അത് കേട്ടപ്പോൾ അവനും ആശ്വാസം ആയി. അവൻ പോയില്ലെങ്കിലും ബാക്കി ഉള്ളവർ പറഞ്ഞ സമയത്ത് പോലീസ് സ്റ്റേഷനിൽ പോയി കേസ് ഒത്തു തീർപ്പിലാക്കി എന്നു അനന്ദുവേട്ടൻ പറഞ്ഞു അവൻ അറിഞ്ഞു.അങ്ങിനെ ആ ഒരു സംഭവം ഒതുങ്ങി കിട്ടിയല്ലോ എന്നു അവൻ ആശ്വസിച്ചു. അതോടെ കുറച്ചു നാൾ അവൻ ക്രിക്കറ്റ് കളി നിർത്തി വെച്ചു. പിന്നീട് അവൻ കോളേജിലെ കൂട്ടുകാരുമായി മാത്രം കളിക്കാൻ പോയി തുടങ്ങി.

രണ്ടു മൂന്നു മാസത്തിനു ശേഷം, ഇടയ്ക്കിടെ മാച്ച് കളിക്കാൻ പോകുമ്പോൾ അനുവേട്ടൻ അവനെ വിളിക്കും. അങ്ങിനെ മാച്ച് കളിയ്ക്കാൻ മാത്രം അവൻ വീണ്ടും അവരോടൊപ്പം പോയി തുടങ്ങി. കുറച്ചു മാസങ്ങൾക്ക് ശേഷം, ഒരിക്കൽ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ചു ഒരു ടൂർണമെന്റ് കളിയ്ക്കാൻ അവരുടെ ടീമും ഉണ്ടായിരുന്നു. ആദ്യ റൗണ്ട് മാച്ച് കുറച്ചു ദൂരെ നിന്നുള്ള ഒരു ടീമുമായിട്ടു ആയിരുന്നു. കളി തുടങ്ങേണ്ട സമയം ആയിട്ടും എതിർ ടീമിനെ കാണുന്നില്ലായിരുന്നു.കുറച്ചു വൈകിയാണ് അവർ എത്തിച്ചേർന്നത്. കളി ആരഭിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കുറച്ചു ആൾക്കാർ അവിടേക്ക് വരുന്നത് അവൻ കണ്ടു. കയ്യിൽ കമ്പുകളും ഒക്കെ ആയിട്ടാണ് അവരുടെ വരവ്. ഒരു അടിയുടെ ലക്ഷണം അവനു മണത്തു. വീണ്ടും കളിക്കിടയിൽ ഒരു പ്രശ്നം എന്നു ആലോചിച്ചപ്പോൾ തന്നെ അവന്റെ തല പെരുത്തു. അനുവേട്ടൻ വളരെ സന്തോഷത്തോടെ അവന്റെ അടുത്ത് വന്നു പറഞ്ഞു. “നീ പോകുന്നിടത്ത് ഒക്കെ അടി ആണല്ലോ”. അനുവേട്ടൻ എന്തിനാ ഇത്രേം സന്തോഷിക്കുന്നത് എന്നു അവനു പിടികിട്ടിയില്ല. അവനു അത് അത്ര ഇഷ്ടമായില്ല എങ്കിലും, തിരിച്ചു മറുപടി ഒന്നും കൊടുത്തില്ല. അവിടേക്ക് വന്ന ആ പാർട്ടിയുടെ ആൾക്കാരെ ഒന്ന് കൂടെ ശ്രദ്ധിച്ചപ്പോൾ ആണ് അവനു കുറച്ചു സമാധാനം ആയതു. അവന്റെ ആന്റിയുടെ മകൻ സാജുവേട്ടൻ ആണ് കൂട്ടത്തിൽ ഒരാൾ. അവൻ അവരുടെ അടുത്തേക്ക് നടന്നു എന്നിട്ട് സാജുവേട്ടനോട് അവൻ ചോദിച്ചു. “എന്താ ചേട്ടാ പ്രശ്നം”. എതിർ ടീമിലെ ഒരുവനെ ചൂണ്ടി സാജുവേട്ടൻ പറഞ്ഞു, “ഡാ, ആ നിൽക്കുന്ന പച്ച ഷർട്ട് ഇട്ടവനെ നീ കണ്ടോ. അവനിട്ട് രണ്ടെണ്ണം കൊടുക്കാനാണ് ഞങ്ങൾ വന്നത്. ഇവന്മാര് ഇവിടേയ്ക്ക് വന്ന ബസിൽ വൻ പ്രശ്നം ആയിരുന്നു. എന്റെ കൂട്ടുകാരൻ മനുവിനെ നിനക്ക് അറിയില്ലേ. അവന്റെ പെങ്ങൾ ആ ബസിൽ ഉണ്ടായിരുന്നു. അവളെയും ഇവന്മാര് ഉപദ്രവിച്ചു”.എന്റെ മുഖഭാവം കണ്ടിട്ടാവണം സാജുവേട്ടൻ എന്നോട് പറഞ്ഞു, “ഡാ, നീ പേടിക്കണ്ട ഇവടെ വെച്ചു അവനെ ഞങ്ങൾ ഒന്നും ചെയ്യുന്നില്ല. അവൻ കളി കഴിഞ്ഞു വരട്ടെ. അപ്പോൾ ഞങ്ങൾ പൊക്കിക്കോളം”. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ആ പച്ച ഷർട്ടുകാരൻ അപകടം മണത്തു എന്ന് തോന്നുന്നു. അവൻ മതിൽ കേറി ചാടുന്നത് ഞങ്ങൾ കണ്ടു. സാജുവേട്ടനും കൂട്ടുകാരും കൂടെ അവന്റെ പിന്നാലെ വെച്ചു പിടിച്ചു. വീണ്ടുമൊരു ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടല്ലോ എന്നു ആശ്വസിച്ചു ബിനു തിരികെ നടന്നു. എന്തൊക്കെ പ്രശ്നം ഉണ്ടായാലും അവനു കളി നിർത്തുന്നതിനെ കുറിച്ച് ആലോചിക്കാനേ വയ്യ.
****** ****** ******
“അച്ഛാ സ്കൂൾ എത്തി”. മകന്റെ വാക്കുകൾ കേട്ടാണ് ബിനു ആലോചനയിൽ നിന്ന് ഉണർന്നത്. പഴയ കഥകൾ ആലോചിച്ചു മകന്റെ സ്കൂൾ എത്തിയത് അറിഞ്ഞില്ല. അന്നത്തെ സംഭവങ്ങൾ കഴിഞ്ഞിട്ട് ഇപ്പൊ വർഷം 20കഴിഞ്ഞിരിക്കുന്നു. കാലം എത്ര വേഗത്തിൽ ആണ് കടന്നു പോകുന്നത് എന്നു വിസ്മയത്തോടെ ബിനു ചിന്തിച്ചു. താൻ കളി ഒക്കെ നിർത്തി പഠനം പൂർത്തിയാക്കി ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി. ഇപ്പോൾ മകനെ സ്കൂളിലെ സമ്മർ ക്രിക്കറ്റ് ക്യാമ്പിൽ ചേർക്കാൻ വേണ്ടി വന്നതാണ്. അതിനു വേണ്ടി പുതിയ ക്രിക്കറ്റ് കിറ്റ് വാങ്ങി കൊണ്ട് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അവന്റെ ഓർമ്മകൾ ഇടയ്ക്കു പഴയ കാലത്തിലേക്ക് പോയത്. ഇപ്പോൾ നാട്ടിൽ,നാരായണേട്ടന്റെ കട ഇരുന്ന സ്ഥലത്ത് ഒരു വല്യ മാർജിൻ ഫ്രീ മാർക്കറ്റ് ആണ്. അവരുടെ പഴയ ക്രിക്കറ്റ് ഗ്രൗണ്ട് ആയിരുന്ന വയൽ നികത്തി, ഇപ്പോൾ വീടുകൾ കൊണ്ട് നിറഞ്ഞു.
കാർ സ്കൂൾ ഗ്രൗണ്ടിന്റെ അടുത്ത് നിർത്തി. മകൻ കിറ്റും കൊണ്ട് പോകുന്നത് നോക്കി ബിനു അവിടെ നിന്നു.നാരായണേട്ടന്റെ പഴയ നിലംതല്ലി പ്രയോഗം ഓർത്ത് അവൻ ഊറി ചിരിച്ചു കൊണ്ട് മകൻ കളി കഴിഞ്ഞു വരുന്നതും കാത്തു നിന്നു.

* * *

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura