Home » സാഹിത്യ വായന » യാത്ര വിവരണം » ടാൻഗോ- മനം കവരുന്ന മിഥുനനർത്തനം – സൂരജ് എൻ പി
Untitled

ടാൻഗോ- മനം കവരുന്ന മിഥുനനർത്തനം – സൂരജ് എൻ പി

ജർമ്മനിയുടെ ഒക്ടോബര്‍ മഹോത്സവങ്ങളില്‍ ശ്രദ്ധേയമായ ഒന്നാകുന്നു സ്റ്റുട്ട്ഗാട്ട് നൈറ്റ്‌ (Stuttgart Nacht). ബാഡന്‍ വ്യുട്ടൻബർഗ്ഗിന്റെ തലസ്ഥാനനഗരിയായ സ്റ്റുട്ട്ഗാട്ടിലെ വർണാഭമായ ഒരു രാത്രിമേളം. വിവിധ മേഖലകളായി തിരിക്കപ്പെട്ട നഗരത്തില്‍ എഴുപതോളം വരുന്ന വേദികളില്‍ നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ തന്നെ ഇതിന്റ്റെ പ്രധാനാകർഷണം. വേദികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉപരിതലഗതാഗതം സുസജ്ജം. യാത്ര തികച്ചും സൌജന്യം.പക്ഷെ ഉത്സവ ടിക്കറ്റ് കൈവശം വേണം. ജർമ്മൻ സർവ്വകലാശാലകളിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി പ്രവേശനം നേടുന്ന വിദ്യാർഥികളെ ആ രാജ്യത്തിന്റെ കലാസാംസ്കാരിക മേഖലകളെ പരിചയപ്പെടുത്തുന്നതിൽ ആഥിതേയർ ബദ്ധശ്രദ്ധരാവാരുണ്ട്. അതുകൊണ്ട് തന്നെ സ്ടുറ്റ്ഗാട്ട് നിശയിലെ ഞങ്ങളുടെ പങ്കാളിത്തം ഏർപ്പാട് ചെയ്തത് സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു. സുഹൃത്തുക്കള്‍ പലവഴി ചിതറിയ മഴ പാറുന്ന സന്ധ്യയിൽ രാത്രിസഞ്ചാരത്തിനായി ഞാന്‍ യുനിവേഴ്സിടിയിലെ വിദേശവിദ്യാർഥികളുടെ കാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥനായ മി.മുള്ളറിന്റെ സഹയാത്രികനായി കൂടി. സ്ഥലപരിചയക്കുറവും ഭാഷ പരിഞാനമില്ലായ്മയും തന്നിഷ്ടം പരിപാടികള്‍ കാണാനുള്ള വാഞ്ചയെ പതിയെ അടക്കിയിരുന്നു. മുള്ളറിനെ അനുഗമിക്കാനുണ്ടായ വേറൊരു കാരണം അദ്ദേഹത്തിന് കലാസാംസ്കാരിക മേഖലകളിലുള്ള അവഗാഹമായിരുന്നു. അദ്ദേഹം മധുരമായി സംസാരിച്ചു കൊണ്ടേയിരിക്കും.സഞ്ചിതമായ അറിവ് അനുഗാമികൾക്ക് പകരുന്നതിൽ ആ സാഹിത്യകാരന്റെ മകൻ കൂടിയായ അയാൾ ആനന്ദചിത്തനാണ്‌

“ടാൻഗോ കണ്ടിട്ടുണ്ടോ” സബ് വെ ഇറങ്ങവേ മുള്ളർ ചോദിച്ചു.

ചുമലുകൾ ഉയർത്തി കണ്ണുകൾ ചിമ്മി കൊണ്ടുള്ള ചേഷ്ട്ടയാൽ ‘ഇല്ല’ എന്നുത്തരം നൽകി.

“മനോഹരമായ ഒരു നൃത്തമാണ് ടാന്ഗോ്, യു വിൽ ലവ് ഇറ്റ്‌”,  പോവാം”

ഹോപ്‌റ്റബാൻഹോഫിന്റെ(പ്രധാന റെയിൽവേ സ്റ്റേഷൻ) സിരാപടലങ്ങളിൽ ഒന്നായ ആറാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും വണ്ടി കയറി. യാത്രാവേളയിൽ അയാൾ ടാന്ഗോ എന്ന നൃത്തരൂപത്തെ ആദ്യമായി എനിക്ക് പരിചയപ്പെടുത്തി.ഏകദേശം അര മണിക്കൂര്‍ സഞ്ചരിക്കണം ടാന്ഗോ അരങ്ങേറുന്ന വേദിയിലെത്താൻ ഇടയ്ക്കെവിടെയോ ഇറങ്ങി വണ്ടി മാറി കയറണം. ഇടയ്ക്കിറങ്ങിയപ്പോൾ ആ സ്ഥലത്തുള്ള രണ്ടു മൂന്ന് വേദികള്‍ സന്ദർശിക്കുകയുണ്ടായി. ആദ്യമായി ഒരു കതീഡ്രലിൽ കയറിയപ്പോള്‍ ആൾത്താരയിൽ ഒരു വൈദികനും സ്ത്രീയും ചുംബിതരായി നില്ക്കുന്നു. മെഴുകുതിരിയുടെ  പുളയുന്ന ഹിരൺമയമായ ദിവ്യപ്രഭയിൽആ ദൃശ്യത്തിനു ഒരു ശില്പചാരുതയുണ്ടായിരുന്നു. പിന്നീടു ഒരു ക്വയർ കേട്ടു, സെമിത്തേരി സന്ദർശിച്ചു, അസ്ഥികലശങ്ങൾ കണ്ടു.

Untitled

അവിടെ നിന്നും നേരെ പോയത് ടാന്ഗോ വേദിയിലെക്കായിരുന്നു. നഗരപ്രാന്തത്തിലുള്ള ഒന്നാന്തരം മദ്യശാല. വഴിയോരങ്ങളില്‍ അനവധി ചെറിയ മദ്യശാലകളും കാണാം. സന്ദർശകരെ ആകർഷിക്കാനായി കാർണിവലുകലും ഓർക്കസ്ട്രകളും അവിടടങ്ങളില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ കിട്ടുന്നതാണ് അവരുടെ വരുമാനത്തിന്റെ ഏറിയ പങ്കും. ചാറ്റൽ മഴ കുതിർത്തു കളഞ്ഞ രാത്രിയിൽ സൂചിമുനകൾ താഴ്ത്തിയിറങ്ങുന്ന ശൈത്യത്തിൽ ശരീരകലകളെ ഊഷരമാക്കുവാൻ മദ്യത്തിൽ ആശ്രയം തേടുന്ന മനുഷ്യർ. എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ നാട്ടില്‍ കാണാറുള്ള നിലവാര തകർച്ച പ്രകടമല്ല. അങ്ങനെയൊരു പുരാതനമായ ചെറിയ മദ്യശാലയില്‍ വെച്ചാണ് യൂല എന്ന സുന്ദരിയായ ഒരു ജർമ്മൻ തരുണിയെ പരിചയപ്പെട്ടത്. മധുരമായി സംസാരിച്ചു കൊണ്ട് അവള്‍ ആവശ്യ ക്കാർക്ക് മദ്യം പകരുന്നു. വൻകരകൾ താണ്ടി വന്നു അവരുടെ ഉത്സവത്തില്‍ പങ്കാളികളാവുന്ന മറുനാടന്മാരോട് അവള്‍ ആദരവും നന്ദിയും പ്രകടിപ്പിക്കാന്‍ മറന്നില്ല. ഇന്ത്യ അവൾക്കും പ്രിയങ്കരമാണ്.

പുറമേ കണ്ടാല്‍ ചെറുതെന്ന് തോന്നുമെങ്കിലും സാമാന്യം ഒരു വലിയ മദ്യശാലയിലെക്കാന് മുള്ളർ കൊണ്ട്പോയത്. അവിടെയാണ് ടാന്ഗോ അരങ്ങേറുന്നത്. പ്രവേശനകവാടത്തില്‍ സ്മേരവദനകളായ ദ്വാരപാലികമാര്‍ നില്ക്കുന്നു. പ്രവേശനം അനുവദിച്ചു കൊണ്ട് കണങ്കയ്യില്‍ ഒരു റിബ്ബണ്‍ പതിച്ചു തരും. എങ്കിലേ അകത്തു കയറാന്‍ പറ്റുള്ളൂ. നുഴഞ്ഞു കയറ്റം അസാധ്യം.

Untitled

“ഷോ തുടങ്ങി കഴിഞ്ഞു..വേഗമാവട്ടെ.” ഞങ്ങള്‍ അല്പം താമസിച്ചു പോയിരുന്നു.

ചുവന്ന വെളിച്ചം അരിച്ചിറങ്ങുന്ന ഹാളിനുള്ളിൽ  സദസ്യര്‍ നേരെത്തെ തന്നെ ഉപവിഷ്ടരായിരുന്നു. പലരുടേയും മുന്നില്‍ നുരയുന്ന മധുചഷകം.!

വൃത്താകൃതിയില്‍ സജ്ജീകരിച്ച വേദിയില്‍ നീലവെളിച്ചം നിലാമഴ തൂവുന്നു. അതില്‍ കുളിച്ചു ആനന്ദനടനം ആടുന്ന മിഥുനങ്ങള്‍. ഉടലുകള്‍ ഒഴുകുന്ന ചലനങ്ങളാൽ  അർദ്ധനാരീശത്വത്തിൽ വിലയിക്കുന്നു. അവനിലേക്ക് അവളും അവളിലേക്ക് അവനും. ആനന്ദധാരയൊഴുകുന്ന മിഥുനനൃത്തം. കൈകള്‍ ഊർധ്വമാക്കി പരസ്പരം ഗ്രഹിച്ചു അതിനെ അച്ചുതണ്ടെന്ന പോലെ ആധാരമാക്കിയുള്ള വർത്തുളചലനം കാണികളുടെ മനം കവരുന്നു. അവർ ആരവം മുഴക്കുന്നു. ചലനാലിംഗനങ്ങളിൽ നിന്ന് നിരവധി ജ്യാമിതീയ രൂപങ്ങൾ പിറവിയെടുക്കുന്നു. മധുലഹരിയില്‍ കാണികൾ തങ്ങളുടെ ഇണകളെ ചുംബിക്കുന്നു … …പുണരുന്നു.

-ഇണയില്ലാതെ വന്നവൻ പിണമായി പരിണമിക്കുന്ന സുഹാനീ രാത്!-

Untitled

ഇനി അൽപം ചരിത്രം വിളമ്പട്ടെ.

ടാന്ഗോ നൃത്തം ആരംഭിച്ചത് ലാറ്റിന്‍ അമേരിക്കയിലാണ്. അര്ജന്റിനയും ഉരുഗ്വായുമായാണ് ഇതിന്റെ ഈറ്റില്ലം..പിന്നീട് ഈ നൃത്ത രൂപത്തെ ലോകം ഏറ്റെടുക്കുകയായിരുന്നു. ബ്യൂണസ് അയെഴ്സിലെയും മോന്റെവിടെയോയിലെയും  താണജാതിക്കാരുടെ ഇടയില്‍ പിറവിയെടുത്ത ഈ കലാരൂപം പിന്നീട് ലോകപ്രശസ്തമായതിനു പിന്നിലുള്ള കാരണം ഇതിന്റെ ആസ്വാദ്യത തന്നെയാണ്. കാലാന്തരത്തില്‍ ടാന്ഗോനൃത്തം പല രൂപഭേദങ്ങൾക്കും വിധേയമാക്കപ്പെട്ടു. അർജൻറ്റെനിയൻ, ഉറൂഗ്വാൻ, ഫിന്നിഷ്  എന്നിങ്ങനെ പല പേരുകളില്‍ ടാന്ഗോ ഇന്ന്  ലോകത്തിന്റെ പല ഭാഗങ്ങളിലും അവതരിക്കപ്പെടുന്നു.

വേദിയുടെ ഒരു മൂലയില്‍ ഒരുക്കിയ ടാന്ഗോ ചിത്ര പ്രദർശനത്തിലൂടെ കണ്ണോടിക്കുമ്പോൾ ഈ നൃത്ത രൂപത്തെ  കുറിച്ച് കൂടുതലായി അറിയാന്‍ പറ്റി.പഴയ കലാകാരന്മാരുടെ നിത്യഹരിത ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ കൌതുകമുണർത്തുന്നു.അതിൽ പലരും അരങ്ങൊഴിഞ്ഞിരിക്കുന്നു.

Untitled

 

ഒരു സന്ദർശനത്തിന്റെ ഓർമ്മയ്ക്ക്‌ കണങ്കയ്യില്‍ ബന്ധിച്ചിരുന്ന സ്ട്രാപ് കളയാതെ പോക്കറ്റിലിട്ടു.ആ മദ്യശാലയില്‍ നിന്നും മടങ്ങവേ അടുത്തതായി ഞങ്ങൾ സന്ദർശിക്കുന്ന പാന്റമൈം തീയേറ്ററില്‍ അരങ്ങേറാന്‍ പോവുന്ന വിചിത്രവും മനോഹരവുമായ ഒരു മൂകനാടകത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ട് മുള്ളർ എന്റെ ഔത്സുക്യത്തെ പെരുപ്പിച്ചു കൊണ്ടേയിരുന്നു.

1

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura