Home » സാഹിത്യ വായന » യാത്ര വിവരണം » ദേവഭൂമിയില്‍ – അനിൽ നമ്പൂതിരിപ്പാട്
haridwar

ദേവഭൂമിയില്‍ – അനിൽ നമ്പൂതിരിപ്പാട്

യാത്ര കഴിഞ്ഞെത്തി വെറുതെയൊന്ന് കിടന്നതേയുള്ളൂ. അടച്ചിട്ട മുറിയില്‍ തളംകെട്ടിക്കിടക്കുന്ന തണുപ്പില്‍ മയങ്ങിയതറിഞ്ഞില്ല.  താഴെ അയ്യപ്പന്‍റെ അമ്പലത്തിലെ ദീപാരാധനയുടെ ചെണ്ടകൊട്ടു കേട്ടപ്പോഴാണ് പെട്ടെന്നു ഞെട്ടിയുണര്‍ന്നത്.  സമയം സന്ധ്യ കഴിയാറായിരിക്കുന്നു.  തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി വേഗം താഴെ അമ്പലത്തിലെത്തി.

അയ്യപ്പക്ഷേത്രം ഹരിദ്വാര്‍

പയ്യന്നൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരി നട തുറന്നു മന്ത്രോച്ചാരണത്തോടെ ദീപാരാധന ചെയ്യുകയാണ്.  അനുജനായ വിഷ്ണു നമ്പൂതിരിയും അവിടത്തുകാരായ രണ്ടു ചെറുപ്പക്കാരും താളത്തില്‍ മണിയടിച്ചു കൊണ്ടേയിരിക്കുന്നു.  ഗഡ്‌വാള്‍ സ്വദേശിയായ മറ്റൊരു പയ്യന്‍ നിലത്ത് വെച്ചിരിക്കുന്ന രണ്ടു ചെണ്ടകളില്‍ താളത്തോടെ കൊട്ടിക്കൊണ്ടിരി ക്കുന്നു.

ഗംഗാമാതാ

ആദ്യം അയ്യപ്പനും പിന്നെ ശിവപാര്‍വ്വതിമാര്‍ക്കും വിഷ്ണുലക്ഷ്മി മാര്‍ക്കും ഒടുവില്‍ ഗണപതിക്കും ഹനുമാനും ദീപാരാധന നടത്തി.  നടയ്ക്കു പുറത്തു വെച്ച നിറദീപവും കര്‍പ്പൂരദീപവും ആവാഹിച്ച് ഞാനും സായൂജ്യമടഞ്ഞു.

ഗംഗാതീരത്തെ ക്ഷേത്രം

ഈ മണിമുഴക്കം ദേവഭൂമിയായ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ നിന്നാണ്.  തണുപ്പും ചൂടും വകവെയ്ക്കാതെ എന്നും രാവിലെ നാലുമണിയ്ക്ക് അയ്യപ്പകീര്‍ത്തനങ്ങളോടെ നട തുറക്കുകയും പത്തരയ്ക്ക് നടയടയ്ക്കുകയും ചെയ്യുന്നത് ഇവിടത്തെ പരമ്പരാഗതമായ രീതി.  വൈകുന്നേരങ്ങളില്‍ നാലര മുതല്‍ ഏഴരവരെയും പതിവുപോലെ പൂജാദികളും നാട്ടിലെ ചിട്ടകളും.  വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഷ്ണു നമ്പൂതിരിയുടെ വല്യച്ഛന്‍റെ നിരന്തരമായ പ്രയത്നത്തിന്റേയും ഇച്ഛാശക്തിയുടെയും തപസ്യയുടെയും പ്രത്യക്ഷോദാഹരണമായി വന്ന  ഈ ആരാധനാലയത്തിനു ശതകോടിപ്രണാമം!  എത്രയോ മലയാളികള്‍ക്ക്‌ കേരളീയ രീതിയില്‍ താമസിക്കാനും ശാന്തിയോടെ വിശ്രമിക്കാനും സൌകര്യമൊരുക്കി കാത്തിരിക്കുന്ന സുമനസ്സുകള്‍ക്ക് നമോവാകം!  അമ്പലത്തില്‍ നിന്നും ഒരു കിലോമീറ്ററിനപ്പുറം പുണ്യനദി ഗംഗ.

നിറസാന്നിധ്യമായി ഗംഗ

ഹരിദ്വാര്‍ എന്നാല്‍ വിഷ്ണുവിലേയ്ക്കുള്ള കവാടം എന്നാണര്‍ത്ഥം. കാലദേശഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ പിതൃതര്‍പ്പണത്തിനും ഗംഗാജിയുടെ ആരതി ദര്‍ശനത്തിനുമായി എന്നും വന്നെത്തുന്ന ദേവഭൂമി.  പാലാഴിമഥനശേഷം ലഭിച്ച അമൃത് ഗരുഡന്‍ കൊണ്ടുപോകുന്നതിനിടയില്‍ ദേവന്മാരുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തുളുമ്പി തെറിച്ചു വീണ ഇടങ്ങളില്‍ ഒന്നാണ് ഹരിദ്വാറിലെ തര്‍പ്പണം ചെയ്യുന്ന’ ബ്രഹ്മകുണ്‍ണ്ട്’ എന്ന് വിശ്വാസം.  പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ‘ഹരി കി പൈറി’  എന്നറിയപ്പെടുന്ന ഗംഗാതീരത്ത് കുംഭമേള നടത്തിവരുന്നു.  അവിടെ നിന്നും ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരെ ഹിമാലയകവാടമായ പാവനഭൂമി, ഋഷികേശ്! കൂടാതെ ബദരി-കേദാര്‍നാഥ്-ഗംഗോത്രി-യമുനോത്രി എന്നീ സ്ഥലങ്ങള്‍ ചേര്‍ത്തുള്ള ‘ചാര്‍ധാം’ യാത്രയും ഏറെ പുണ്യമായി വിശ്വാസികള്‍ കരുതുന്നു.

പാപനാശിനി ഗംഗ

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞങ്ങളെ വേര്‍പെട്ടു പോയ അപ്ഫന് (ചെറിയച്ഛന്) കൊല്ലം തികയുന്ന ദിവസം ശ്രാദ്ധമൂട്ടാനുള്ള മനസ്സോടെയാണ് ഹരിയാണയിലെ കര്‍ണ്ണാലില്‍ നിന്നും ഞാന്‍ ഹരിദ്വാറില്‍ എത്തിയത്. കര്‍ണ്ണാലില്‍ നിന്നും യമുനാ നഗര്‍, പശ്ചിമ യൂ പി യിലെ സഹരാന്‍പൂര്‍, ഭഗവന്‍പൂര്‍ എന്നിവയും കടന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെത്തും.  ഏറെ പ്രശസ്തമായ റൂര്‍ക്കിയും ജ്വാലാപൂരും പിന്നിട്ട് മൊത്തം ഇരുനൂറോളം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞാനവിടെ എത്തിയത്.  അമ്പലത്തിനടുത്തുള്ള മുറികളിലൊന്നില്‍ താമസിക്കാനുള്ള വ്യവസ്ഥ കൂട്ടുകാരനായ മുരളീകൃഷ്ണന്‍ ചെയ്തു തന്നിരുന്നു.

‘ഹരി കി പൈറി’

ഹരിദ്വാറില്‍ എത്തുമ്പോള്‍ ഒരാശങ്ക.  ശൈത്യം കുത്തനെ ഉയരുന്ന ഈ ദിവസങ്ങളില്‍ ഗംഗയില്‍ മുങ്ങിക്കുളിച്ചു തര്‍പ്പണം ചെയ്യാന്‍ എനിക്കാവുമോ?    ഭാഷയും സംസ്ക്കാരവും എല്ലാം പരിചിതമെങ്കിലും, ഉള്ളിലുണ്ടായിരുന്നത് എല്ലാം വേണ്ടപോലെ ചെയ്യാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രം! അതിനായി, വിഷ്ണു നമ്പൂതിരിയുടെ പരിചയക്കാരനായ ഒരു പണ്ഡിറ്റ്ജി യെ അദ്ദേഹം തന്നെ ഏര്‍പ്പാടാക്കി തന്നിരുന്നു.

ആരതി ദര്‍ശനം

വന്ന ദിവസം വൈകീട്ട് തന്നെ ഗംഗാപൂജയും ആരതി ദര്‍ശനവും നേരില്‍ കാണുവാനുള്ള മോഹം സഫലമായി.  അമ്പലത്തില്‍ നിന്നും നീണ്ടു പോകുന്ന തെരുവീഥികളില്‍ വഴിവാണിഭം പൊടിപൊടിക്കുന്നുണ്ടായിരുന്നു. വഴിയില്‍ മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ പേരെഴുതിയ ധര്‍മ്മശാലകളും ഹോട്ടലുകളും കടകളും.  സമര്‍ത്ഥമായ സങ്കേതങ്ങളാല്‍ വിദേശികളെയും അന്യഭാഷക്കാരെയും ആകര്‍ഷിക്കുന്ന  പരശ്ശതം കച്ചവടക്കാരും സ്ഥാപനങ്ങളും.

അനര്‍ഗ്ഗളമായ സ്നേഹപ്രവാഹിനി

വൈകീട്ട് അഞ്ചരയോടെ ഞാനെത്തുമ്പോള്‍ ഗംഗാജിയുടെ കരയിലെ കല്‍പ്പടവുകളില്‍ തടിച്ചു കൂടിയ ജനങ്ങള്‍ ഒന്നായി കീര്‍ത്തനങ്ങള്‍ പാടിയിരുന്നു.  മിക്ക ആളുകളുടെയും കൈകളില്‍ പൂജയ്ക്കായി കരുതിയ പൂത്താലവും മണ്‍ചെരാതും, കൂടെ പുണ്യ സ്തോത്രങ്ങളും.  ആറുമണി കഴിഞ്ഞതോടെ ഉച്ചഭാഷിണിയില്‍ പ്രശസ്ത ഗായിക  അനുരാധ പഡ്വാള്‍ പാടിയ ആരതി ഗീതം.  ഇരുളിന്‍റെ പശ്ചാത്തലത്തില്‍ നിറദീപങ്ങള്‍ മിഴി തുറന്നു.  കര്‍പ്പൂരാഴി ഗംഗയുടെ സ്വച്ഛമായ അലകളിലും കരയിലും ജനലക്ഷ ങ്ങളുടെ മനോമുകുരത്തിലും ഒരേ പോലെ പ്രോജ്ജ്വലിച്ചു നിന്നു.

ദേവഭൂമിയില്‍

നിറഞ്ഞ മനസ്സോടെ തിരികെ മുറിയിലേയ്ക്ക് വരുമ്പോഴും കച്ചവടക്കാരുടെ ബഹളങ്ങളും ചടുലമായ വില്‍പ്പനയും തുടര്‍ന്നു കൊണ്ടേയിരുന്നു. വിദേശികളും വിനോദസഞ്ചാരികളും വഴി നീളെ തിന്നും കൊറിച്ചും നടന്നിരുന്നു.

ഋഷികേശിലെ കാഴ്ച

അത്താഴം കഴിച്ചു കിടക്കുന്നതിനു മുന്‍പ് തന്നെ ഹരിവരാസനം പാടി നട അടച്ചിരുന്നു.  “തണുപ്പായതിനാല്‍ പണ്ഡിറ്റ്ജി വരാന്‍ ഏഴരയെങ്കിലുമാവും, നാളെ നേരത്തെ തയ്യാറായിക്കൊള്ളൂ” വിഷ്ണു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട് നേരത്തെ കിടന്നെങ്കിലും അമിതമായ ആശങ്കകള്‍ കൊണ്ടോ ഏകാന്തത കൊണ്ടോ ഒരു ചെറുതലവേദന മാത്രം ബാക്കി നിന്നിരുന്നു. അര്‍ദ്ധരാത്രിയോടെ അരികെയുള്ള ഊടുവഴികള്‍ നിശ്ശബ്ദമായപ്പോള്‍ ഞാന്‍ കമ്പിളികള്‍ക്കടിയില്‍ ചൂളിപ്പിടിച്ചു ഉറങ്ങിപ്പോയിരിക്കണം.

പണ്ഡിറ്റ്ജി

അതിരാവിലെ ഉണര്‍ന്ന് പണ്ഡിറ്റ്ജിക്കായി കാത്തിരിപ്പ്‌.  അറുപതിനോടടുത്ത മധുസൂദന്‍ജി വന്ന് സ്കൂട്ടറില്‍ എന്നെയും കൂട്ടി ഗംഗാതീരത്തേയ്ക്ക് യാത്രയായി.  തണുത്ത കാറ്റ്.  മഞ്ഞിന്‍റെ നേര്‍ത്ത മറകള്‍.  പിന്നിട്ട്‌ ഞങ്ങളെത്തിയത് കാലാകാലമായി നദീതീരത്ത് ഓഫീസായി പണ്ഡിറ്റ്ജി വെച്ച ഒരു ഇടുങ്ങിയ മുറിയിലേയ്ക്കാണ്.  എന്‍റെ ബയോഡാറ്റ മുഴുവന്‍ ചുവന്ന ചട്ടയുള്ള ഒരു പുസ്തകത്തില്‍ കുറിച്ചെടുത്ത ശേഷം വേഷം മാറ്റി തോര്‍ത്തുടുത്ത് ഗംഗയില്‍ മുങ്ങി വരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.  വിവിധ മേഖലകളില്‍ പ്രശസ്തരായ എത്രയോ മലയാളികളുടെ വിവരങ്ങള്‍ പണ്ഡിറ്റ്ജിയുടെ ചുവന്ന ചട്ടയുള്ള പുസ്തകത്തില്‍ ഭദ്രം !

ഹിമാലയകവാടത്തില്‍

എങ്ങും മഞ്ഞുമൂടിക്കിടക്കുന്ന ഗംഗാനദിയുടെ കല്‍പ്പടവുകളില്‍ ഒരുപാട് വിശ്വാസികള്‍ പിതൃതര്‍പ്പണം നടത്തുകയായിരുന്നു.  അവിടെ മുഴങ്ങിയിരുന്നത്, പിതൃക്കളുടെ അസ്ഥികള്‍ നിമജ്ജനം ചെയ്യുന്നവരുടെയും ആത്മാവിന്‍റെ മോക്ഷപ്രാപ്തി ക്കായി ശ്രാദ്ധമൂട്ടുന്നവരുടേയും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം!

അനുപമം ഈ ദൃശ്യം!

അസ്ഥികള്‍ കോച്ചുന്ന തണുപ്പില്‍ ശക്തമായ ഗംഗയുടെ ഒഴുക്കില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ആജന്മപാപങ്ങളും തീര്‍ന്ന പ്രതീതി.  പണ്ഡിറ്റ്ജി പറഞ്ഞു തന്ന പ്രകാരം അവിടെയുള്ള തണുത്ത മാര്‍ബിള്‍പടിയിലുരുന്നു കൊണ്ട് ഞാന്‍ പിതൃപൂജയാരംഭിച്ചു.  അച്ഛനും അപ്ഫനും പിതാമഹന്മാര്‍ക്കും പ്രപിതാക്കള്‍ക്കും പേരെടുത്തു പറഞ്ഞ് പൂവും ചന്ദനവും അരിയും എള്ളും ഉരുട്ടിയെടുത്ത ഹവിസ്സിനോടൊപ്പം ചേര്‍ത്ത്‌ ഒരു ഗംഗോദകം!  പൂര്‍വ്വസൂരികളായി മുന്‍പേ പറന്നു പോയവര്‍ക്ക് ആത്മശാന്തിക്കായി എള്ളും  ഗംഗാജലവും പൂവും ചേര്‍ത്ത്‌ വിറയ്ക്കുന്ന കൈകളോടെ പിതൃദോഷങ്ങള്‍ തീര്‍ത്ത്‌ ഒരു ശ്രദ്ധാഞ്ജലി!

അമൃതവാഹിനിയായി ഗംഗ

പണ്ഡിറ്റ്ജി പറഞ്ഞ പ്രകാരം, ഒരിയ്ക്കല്‍ കൂടി ഗംഗയില്‍ മുങ്ങി വന്ന് അദ്ദേഹത്തിന്‍റെ താവളത്തിലെത്തി.  ദക്ഷിണ നല്‍കി, അനുഗ്രഹാശിസ്സു കളോടെ മുറിയിലേയ്ക്ക് തിരിച്ചെത്തി.  ഏറെ നാളായി നേരില്‍ കാണാന്‍ മോഹിച്ച ആരതി ദര്‍ശനവും ഗംഗാ സ്നാനവും നല്‍കിയ ആത്മ നിര്‍വൃതിയാല്‍ ഒരല്‍പനേരം ശാന്തിയോടെ വിശ്രമം.  തിരക്കു പിടിച്ച ലൌകികജീവിത സമസ്യകളില്‍ നിന്നും വീണുകിട്ടിയ അപൂര്‍വ്വമായ ഒരവസരം.

ലക്ഷ്മണ്‍ ജ്ഹൂല

അയ്യപ്പന്‍റെ അമ്പലത്തില്‍ നിന്നും കേരളീയരീതിയില്‍ ഒരു പിടി ചോറും സാമ്പാറും കൂട്ടുകറിയും ഉപ്പിലിട്ടതും പപ്പടവും.  തുടര്‍ന്നൊരു പൂച്ചമയക്കവും.

ഹിമാലയസാനുവില്‍ ശുദ്ധവും ശക്തവുമായി ഒഴുകുന്ന ഗംഗയെന്ന സജീവസാന്നിധ്യം അടുത്തറിഞ്ഞൊരു ഋഷികേശ് യാത്രയായിരുന്നു എന്‍റെ മനസ്സിലെ അടുത്ത ലക്‌ഷ്യം.  പാപ നാശിനിയായ ഗംഗ അതിന്‍റെ ഉത്ഭവസ്ഥാന മായ ഗംഗോത്രിയില്‍ നിന്നും ഇരുനൂറ്റിയമ്പത് കിലോമീറ്ററിലധികം താഴേയ്ക്കൊഴുകി ഉത്തരസമതലത്തില്‍ പ്രവേശിക്കുന്നത് ഋഷികേശില്‍ വെച്ചാണ്.  ഇന്ദ്രിയബോധങ്ങളുടെ ദേവനാണ് ഋഷികേശ് എന്ന മഹാവിഷ്ണു.

സൌമ്യം മധുരം ദീപ്തം ഈ ഓര്‍മ്മകള്‍

യാത്ര ചെയ്ത് ആദ്യമെത്തിയത് ”ലക്ഷ്മണ്‍ ജ്ഹൂല”യിലും പിന്നീട് നടന്ന് “രാം ജ്ഹൂല”യിലുമായിരുന്നു.  ആ പ്രദേശം നല്‍കിയ പൌരാണിക കഥാബോധത്തിന്‍റെ സാക്ഷാത്കാരം അവിടെയുള്ള അമ്പലങ്ങളിലും പ്രകടമായിരുന്നു. തെളിഞ്ഞ മനസ്സോടെ, താരതമ്യേന തിരക്കില്ലാത്ത ആ വനസാനുവിലൂടെ സ്വത്വമെന്തെന്നു തിരിച്ചറിഞ്ഞു കൊണ്ടൊരു ചെറിയ തീര്‍ത്ഥാടനം!   ആ പദയാത്രയില്‍ നട്ടുച്ചയ്ക്കു പോലും ശൈത്യം ഒളിച്ചിരുന്ന തുരുത്തുകളില്‍ വാനരസേനയുടെ നിര്‍ത്താത്ത ആഘോഷങ്ങള്‍ പലപ്പോഴും പരിഭ്രാന്തി പരത്താതിരുന്നില്ല. ഹിമാലയത്തിന്‍റെ കവാടത്തിന്‍റെ ഒരു വശം പ്രാകൃതിക സൌന്ദര്യം കൊണ്ടും വനനിരകള്‍ കൊണ്ടും സമ്പന്നമാണ്.  അനര്‍ഗ്ഗളമായ ഗംഗാ പ്രവാഹത്തിന്‍റെ തെളിനീരലകള്‍ നല്‍കിയ ഇളംകാറ്റിലും കുളിരിലും ഒരിയ്ക്കലും മറക്കാനാവാത്ത ഒരു സായാഹ്നം തിരികെ ഹരിദ്വാറില്‍ എത്തിയപ്പോള്‍ സമ്പൂര്‍ണ്ണമാവുകയായിരുന്നു.

മായാതെ മനസ്സില്‍ ഇന്നും…

അയ്യപ്പന്‍റെ അമ്പലത്തിലെ ദീപാരാധന തൊഴുതശേഷം വിഷ്ണു നമ്പൂതിരിയുടെ മിതത്വം കലര്‍ന്ന ആതിഥേയ മര്യാദകളുമായി ഒരല്‍പ്പനേരം കുശലം.  ‘തുളുമ്പാത്ത നിറകുടമായ’ അദേഹത്തിന്‍റെ വാക്കുകളില്‍ തന്‍റെ വല്യച്ഛന്‍ 1970 നു ഏറെ മുന്‍പ് നാട് വിട്ടു വന്ന് ഹരിദ്വാറില്‍ ഒരു അയ്യപ്പക്ഷേത്രം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള അക്ഷയപുണ്യസ്മരണകള്‍!  രണ്ടാം ദിവസം തണുപ്പുള്ള രാത്രിയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍, ഉള്ളില്‍ പുരാണകഥകളുടെയും നേരില്‍ കണ്ട പ്രതിഭാസങ്ങളുടെയും നല്ല ഓര്‍മ്മകളുടേയും വേലിയേറ്റമായിരുന്നു.

വറ്റാത്ത സ്നേഹപ്രവാഹം

മൂന്നാം ദിവസം തിരിച്ച് കര്‍ണ്ണാലിലേയ്ക്ക്‌ മടങ്ങാന്‍ നേരമായിരുന്നു.  അതിനു മുന്‍പ് ഹരിദ്വാറില്‍ തന്നെയുള്ള മലമുകളില്‍ കുടികൊള്ളുന്ന രണ്ടു ദേവിമാരെ കാണാതെ വയ്യെന്ന് തോന്നി.  മന്‍സാ ദേവിയും ചണ്‍ന്ഡീ ദേവിയും! പക്ഷെ, ചണ്‍ന്ഡീ ദേവിയിലേക്കുള്ള ദര്‍ശനം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ നിര്‍ത്തിവെച്ചിരുന്നു . റോപ്പ്-വേയിലൂടെ മൂന്നു മിനിട്ട് സഞ്ചരിച്ചാണ് മന്‍സാദേവിയുടെ അമ്പലമലമുകളില്‍ എത്തിയത്. അമ്പലത്തിനു ചുറ്റും അവിടവിടെ നിരന്നിരിക്കുന്ന ബ്രാഹ്മണപുരോഹിതര്‍ മന്ത്രോച്ചാരണ ത്തോടെ, സന്ദര്‍ശകര്‍ക്ക് തിലകവും പ്രസാദവും ആശീര്‍വ്വാദവും നല്‍കിക്കൊണ്ടിരുന്നു.  മലമുകളില്‍ നിന്നും നോക്കുമ്പോള്‍ പുരാതനനഗരമായ ഹരിദ്വാര്‍ മഞ്ഞില്‍ കുളിച്ച് തിളങ്ങുന്നതായി കണ്ടു.

മന്‍സാദേവിയുടെ മുന്നില്‍

അമ്പലത്തിലെ ഭക്ഷണം ഒരിക്കല്‍ കൂടി കഴിച്ച് മടക്കയാത്രയുടെ ഒരുക്കുകൂട്ടലുകളും ചിന്തകളും.  അഞ്ചര മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടയില്‍ മനസ്സിലാകെ ആ പുണ്യസ്ഥലങ്ങളുടെ പരിപാവനമായ ദൃശ്യങ്ങള്‍ വന്നുകൊണ്ടേയിരുന്നു.  ഒരു പുരുഷായുസ്സിന്‍റെ പുണ്യമായി, ഗംഗയുടെ തലോടലില്‍ മൂന്നു രാപ്പകലുകള്‍ നല്‍കിയ അവാച്യമായ അനുഭവപാഠങ്ങ ളോടെ…

ദേവഭൂമിയില്‍ നിന്നും സ്വന്തം ലാവണത്തിലേയ്ക്ക്…
സന്ധ്യയോടെ … വീണ്ടും…!

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura