Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » 3 (ത്രീ) – അജിൻ കെ അഗസ്റ്റിൻ

3 (ത്രീ) – അജിൻ കെ അഗസ്റ്റിൻ

(ലേഖകന്റെ കണ്ണുകളിലൂടെ)

നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച അതെ കൂട്ടുക്കാരെ തന്നെ കോളേജിൽ കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും നമ്മൾ ആഗ്രഹിക്കാറുണ്ട്.ചിലപ്പോൾ അവരിൽ ചിലരെ ഒരുമിച്ച് കിട്ടാറുമുണ്ട്.അങ്ങനെ ഭാഗ്യം ചെയ്ത മൂന്നു സുഹൃത്തുക്കളാണ് മെർലിനും പ്രിൻസും ജാനറ്റും .പ്ലസ്ടുവിനും എന്ട്രന്സിനും ഇവർ ഒരുമിച്ചായിരുന്നു,പ്ലസ് ടു പരീക്ഷയ്ക്ക് മൂന്നു പേരും പാസായപ്പോൾ എന്ട്രന്സിനു മെർലിന് മാത്രമേ പാസാകാൻ ഭാഗ്യമുണ്ടായുള്ളൂ.അങ്ങനെ അടുത്ത വര്ഷം മെർലിൻ എഞ്ചിനീയറിംഗ് കോളേജിലും പ്രിൻസും ജാനറ്റും വീണ്ടും എന്ട്രന്സിനും ചേരാൻ തീരുമാനിച്ചു.ആ വര്ഷത്തെ എന്ട്രന്സിനു ജാനറ്റ് പാസ്സായി.പ്രിൻസ് വീണ്ടും തോറ്റു.ഇനിയും എന്ട്രൻസ് എഴുതി തോൽക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് പ്രിൻസ് കാശ് കൊടുത്തു മാനേജ്മന്റ് സീറ്റിലും ജാനറ്റ് മെറിറ്റ് സീറ്റിലും മെർലിൻ പഠിക്കുന്ന അതെ കോളേജിൽ തന്നെ എഞ്ചിനീയറിംഗ്ന് ചേർന്നു.അപ്പോഴേക്കും മെർലിൻ ഇവർ രണ്ട് പേരെക്കാൾ ഒരു കൊല്ലം സീനിയർ ആയി.

സ്വന്തം ക്ലാസ്സിലെ സുഹൃത്തുക്കളെക്കാളും പ്രിൻസും ജാനറ്റുമാണ് മെർലിന് പ്രിയപെട്ടവര് .കോളേജിന് പുറത്തുള്ള ആലിഞ്ചുവട്ടിലാണ് മൂവരും ഒഴിവു സമയം ചെലവഴികാര് .ഭക്ഷണം കഴിക്കുന്നതും വർത്തമാനം പറയുന്നതുമെല്ലാം ഈ ആൽമരത്തിന്റെ കീഴിലാണ്.

ഇന്ന് പ്രിൻസിന്റെയും മെർലിന്റെയും മൂന്നാം കൊല്ലത്തെ അവസാനത്തെ പരീക്ഷയാണ്.ഒപ്പം മെർലിന് എഞ്ചിനീയറിംഗിൽ തന്നെ അവസാനത്തെ പരീക്ഷയും.ബാക്കി രണ്ടു പേർക്കും ഇനിയും ഒരു കൊല്ലം കൂടിയുണ്ട് .പരീക്ഷ കഴിഞ്ഞാൽ കോളേജിൽ വെച്ച് തമ്മിൽ കാണാൻ കഴിയില്ലെന്നുള്ള വിഷമമുണ്ട് മൂവര്ക്കും.ഇപ്പോൾ ഇവർ ആലിഞ്ചുവട്ടിൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.മെർലിനും ജാനറ്റും പരീക്ഷയ്ക്ക് പഠിക്കുമ്പോൾ ജാനറ്റിന്റെ ടെക്സ്റ്റ്ബുക്കിൽ നിന്ന് ചെറിയ തുണ്ട് പേപ്പറിലേക്ക് എഴുതുന്ന തിരക്കിലായിരുന്നു പ്രിൻസ് ..
“ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞാൽ പിന്നെ വീട്ടിൽ സ്വസ്ഥമായിട്ടിരിക്കാം. ” എഴുതി ക്ഷീണിച്ച പ്രിൻസ് അങ്ങനെ പറഞ്ഞതിന് മെർലിൻ നല്ലൊരു മറുപടി കൊടുത്തു.

“പറയണത് കേട്ടാൽ തോന്നും എല്ലാ പരീക്ഷയും കഷ്പെട്ട് പഠിച്ചെന്ന് . ജാനറ്റിന്റെ പേപ്പറിന്നു കോപ്പിയടിച്ചല്ലേ നീ പരീക്ഷ എഴുതാറു .”

പ്രിൻസ് തിരിച്ചും മറുപടി പറഞ്ഞു.

“നീ വല്യ വർത്തമാനം പറയണ്ട.ഞാൻ തുണ്ട് പേപ്പറിൽ നിന്നെഴുതിയാണ് പാസ്സാവണത്.അതും ഞാൻ കഷ്ടപെട്ടെഴുതിയത് .”

മിണ്ടാതെ പഠിച്ചിരുന്ന ജാനറ്റിനു ആ പറഞ്ഞത് ഇഷ്ടപെട്ടില്ല.അവൾ അവളുടെ നയം വ്യക്തമാക്കി.

“ആഹാ .. എന്നാ നിനക്ക് ഇനി പേപ്പർ തരാൻ പോണില്ല.”

പ്രിൻസ് ഒട്ടും വിട്ടു കൊടുത്തില്ല.

“വേണ്ട.ഇന്ന് പാസ്സാവനുള്ളത് തുണ്ടിൽ എഴുതിക്കഴിഞ്ഞു”

ജാനറ്റ് പറഞ്ഞു “എന്നാലാ റ്റെക്സ്റ്റ്ബൂക് ഇങ്ങു താ..”

പെട്ടെന്ന് മെർലിൻ ജാനറ്റിനോടായി ചോദിച്ചു “ആ ഇപ്പോഴാ ഓർത്തെ.. ജാനറ്റ് എന്റെ കൈയിൽ നിന്ന് വാങ്ങിയ ആ സ്റ്റോറി ബുക്ക് എവിടെ ? ”

ജാനറ്റ് മറുപടി പറഞ്ഞു “അയ്യോ.. ഞാൻ അത് പ്രിൻസിന് കൊടുത്തു.”

ജാനറ്റും മെർലിനും ഒരേ സ്വരത്തിൽ പ്രിൻസിനോട് ചോദിച്ചു “ടാ .. ആ സ്റ്റോറി ബുക്ക് എവിടെയാണ്?”

കുറെ നേരം ആലോചിച്ചു പ്രിൻസ് ഉത്തരം പറഞ്ഞു “ഞാനത് എന്റെ ക്ലാസ്സിൽ വെച്ചുന്നാണ് തോന്നണേ ”

മെർലിൻ തന്റെ പേടി വെളിപെടുത്തി “ദൈവമേ.. അത് ആരേലും എടുത്തിട്ടുണ്ടാവുമോ ?”

ജാനറ്റ് പറഞ്ഞു “നമുക്ക് പോയി ഒന്ന് നോക്കാം.”

പ്രിൻസിന്റെ ക്ലാസ്സിലേക്ക് മൂവരും നടന്നു.ആ സ്റ്റോറി ബുക്ക് അവന്റെ സീറ്റിൽ തന്നെ ഉണ്ടായിരുന്നു .അതെടുത്ത് ക്ലാസിനു പുറത്ത് കടക്കുന്ന വഴിക്ക് ബുക്കിൽ നിന്ന് ഒരു കത്ത് നിലത്തു വീണു. വളരെ ആവേശത്തോടെ അവർ മൂവരും ആ കത്ത് വായിച്ചു.

പ്രിയപ്പെട്ട മെർലിന് ,
കലാലയജീവിതത്തിലെ അവസാനദിവസമായ ഇന്ന് ഓർമ്മകളെല്ലാം അയവിറക്കി ഇവിടെ നിന്ന് നീ പടിയിറങ്ങുംപോൾ കൈയെത്തദൂരത്ത് ഇപ്പോഴും നിന്നെ സ്നേഹിക്കുന്ന ഒരു മനസ്സുമായി ഞാൻ നിന്നെ കാത്തിരിക്കുന്നുണ്ടെന്ന് നീ അറിയണം.
അടുത്ത് നിന്നും അകലെ നിന്നും നിന്നെ പലവട്ടം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് .അപ്പോഴെല്ലാം എന്റെ ഉള്ളം എത്രത്തോളം നിന്നെ മോഹിച്ചിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ പറ്റിയില്ല.ഇത്രെയൊക്കെ നിന്നെ ഇഷ്ടപെട്ടിട്ടും നിന്നോട് ഇത് തുറന്നു പറയാൻ എനിക്ക് കഴിയാത്തത് അതിനും മാത്രം മനസ്സിന് ധൈര്യമില്ലെന്നുള്ള തോന്നൽ ആയിരുന്നു.
വൈകിയ ഈ വേളയിൽ ഒരു കത്തിലൂടെ എന്റെ ഇഷ്ടം അറിയിക്കുന്നത് നേരിട്ട് നിന്റെ മുൻപിൽ ഇന്ന് വരുമെന്നുള്ള ഉറച്ച തീരുമാനം ഉള്ളത് കൊണ്ടാണ്.ഈ കത്തിലൂടെ എന്റെ മനസ്സ് വായിക്കാൻ നിനക്ക് കഴിയുന്നുണ്ടെങ്കിൽ നീ എന്ന്നെയും കാത്ത് ആലിഞ്ചുവട്ടിൽ വരുമെന്ന പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കിൽ കണ്ടു മറന്ന സ്വപനം പോലെ എന്നെയും ഈ കത്തിനെയും പാടെ മറക്കാം.
എന്ന്
സ്വന്തം….
കത്ത് വായിച്ചു തീർന്നതും അവർ പരസ്പരം നോക്കി.അപ്പോൾ പരീക്ഷയ്ക്കുള്ള ആദ്യത്തെ ബെല്ലടിച്ചു .മെർലിൻ പറഞ്ഞു :
“നമുക്ക് പരീക്ഷ കഴിഞ്ഞിട്ട് സംസാരിക്കാം . അരമണിക്കൂറിനകം പരീക്ഷ തുടങ്ങും .”

****************

(ജാനറ്റിന്റെ കണ്ണുകളിലൂടെ)

കത്ത് വായിച്ച് തീർന്നപ്പോൾ പ്രിൻസിന്റെ ഭാവമാറ്റം ആണ് എന്നെ അത്ഭുതപെടുത്തിയത് .മുൻപൊരിക്കലും കാണാത്തത് പോലൊരു അമ്പരപ്പ് ആയിരുന്നു അവന്റെ മുഖത്ത് .മെർലിന്റെ കൈയിൽ നിന്ന് കത്ത് വാങ്ങി ഞാൻ ഓടിച്ചു നോക്കി.പരീക്ഷയ്ക്കുള്ള ആദ്യത്തെ ബെല്ലടിച്ചു .മെർലിൻ പറഞ്ഞു :
“നമുക്ക് പരീക്ഷ കഴിഞ്ഞിട്ട് സംസാരിക്കാം . അരമണിക്കൂറിനകം പരീക്ഷ തുടങ്ങും .”
പ്രിൻസ് തലയാട്ടി കൊണ്ട് ഞങ്ങളിൽ നിന്ന് ഓടി മറഞ്ഞു.ഞങ്ങൾ മൂന്ന് പേരുടെയും പരീക്ഷ നടക്കുന്നത് ഒരേ ക്ലാസ്സിലായിരുന്നു.അവസാനമായി പാഠഭാഗങ്ങൾ വായിച്ചു നോക്കിട്ട് ഹാളിലേക്ക് ഞാനും മെർലിനും പ്രവേശിച്ചു.
പരീക്ഷയ്ക്ക് ഇനിയും സമയമുള്ളത് കൊണ്ട് അധികമാരും ഹാളിൽ കയറീയിട്ടില്ല.പരീക്ഷയ്ക്ക് മേൽനോട്ടത്തിനു ഷീലടീച്ചറും സണ്ണിസാറുമായിരുന്നു.എൻറെ റോൾനമ്പറിനു അനുസരിച്ചുള്ള സീറ്റിൽ ഇരുന്നു കത്തിനെ പറ്റി ആലോചിച്ചു.
കത്തെഴുതിയ കൈയക്ഷരം പ്രിൻസിന്റെ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം പ്രിൻസിനെ ഇന്നും ഇന്നലെയും കണ്ട് തുടങ്ങീയതല്ല.കുറെ നാളായി ഒരുമിച്ചായിരുന്നല്ലോ.പക്ഷെ, കത്ത് വായിച്ചു തീര്ന്നപോഴുള്ള അവന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.ചിലപ്പോൾ എനിക്ക് അവൻറെ കൈയക്ഷരം തിരിച്ചറിയും എന്നറിഞ്ഞ് മറ്റാരെങ്കിലും അവന് കത്ത് എഴുതിക്കൊടുത്തതാവാൻ സാധ്യത ഉണ്ട്.
പ്രിൻസിന്റെ കാര്യത്തിൽ എനിക്ക് കുറച്ചു സ്വാർത്ഥത ഉണ്ടെന്ന് പറയാതെ വയ്യ.മെർലിൻ അല്ലാതെ മറ്റ് ആരെങ്കിലും അവനോട് അല്പം സ്നേഹമോ സ്വാതന്ത്ര്യമോ കാണിച്ചാൽ എനിക്ക് അത് തീരേ ഇഷ്ടപെടാറുമില്ല.എനിക്ക് അവനോട് ഉള്ളത് സൗഹൃദമാണോ അതിനപ്പുറമുള്ള എന്തെന്കിലുമാണോ ആണോ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമില്ല.പക്ഷേ,മെർലിനോട് തന്നെ അവന് ഇഷ്ടം തോന്നാനുള്ള സാധ്യത എന്റെ ചിന്തയിൽ വന്നില്ല.അവന്റെ പെരുമാറ്റത്തിൽ നിന്ന് കത്ത് എഴുതിയത് അവൻ തന്നെ ആണെന്ന് വിശ്വസിച്ച് പോകുകയാണ്.

പരീക്ഷ തുടങ്ങാൻ സമയമായി.എല്ലാവരും പരീക്ഷാഹാളിൽ കയറിയെങ്കിലും പ്രിൻസിനെ മാത്രം കണ്ടില്ല.അവനെ വിളിച്ചുകൊണ്ട് വരാൻ ഞാൻ സണ്ണി സാറിന്റെ അനുവാദം ചോദിച്ചു.ഷീല ടീച്ചർ അന്നേരം അവിടെ ഉണ്ടായിരുന്നില്ല.എത്രയും വേഗം തിരിച്ചുവരുമെന്ന ഉറപ്പിൽ ഞാൻ പരീക്ഷാഹാളിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി.പരിചയമുള്ള എല്ലാ ക്ലാസ്സിലും കയറിയിറങ്ങി .പക്ഷെ,അവനെ കണ്ടില്ല.ഒടുവിൽ ലൈബ്രററിയിൽ ചിന്താനിമഗ്നനായി ഇരിക്കുന്ന അവനെ കണ്ട് അവിടേക്ക് ഓടിക്കയറി.

ഞാൻ അവന്റെ അടുത്ത് ചെന്നുനിന്നിട്ടും അവൻ എന്നെ ശ്രദ്ധിച്ചില്ല.ഞാൻ അവന്റെ മുഖത്ത് നോക്കി ചോദിച്ചു : “പ്രിൻസേ, നിനക്ക് പരീക്ഷ എഴുതണ്ടേ ?”ഒന്ന് മൂളുക മാത്രമാണ് അവൻ ചെയ്തത്.ഇപ്പോഴും ചിന്തയിൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.ദേഷ്യത്തോടെ അവന്റെ തലയ്ക്കടിച്ചപ്പോൾ എഴുന്നേറ്റു നിന്ന് പരീക്ഷ തുടങ്ങിയോ എന്ന് ചോദിച്ചു.എപ്പോഴേ തുടങ്ങി എന്ന് ഞാൻ മറുപടി പറഞ്ഞു.ഞങ്ങൾ ലൈബ്രററിയിൽ നിന്ന് പരീക്ഷഹാളിലേക്ക് ഓടി.ഹാളിനകത്ത് ഷീലടീച്ചർ ആയിരുന്നു.ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ പുറത്തേക്ക് നില്ക്കാൻ ആംഗ്യം കാണിച്ചു.

“നിങ്ങൾ രണ്ടുപേരെയും പരീക്ഷ എഴുതിപ്പിക്കാൻ പറ്റില്ല.സമയം ഒരുപാട് വൈകി.പ്രിൻസിപലിന്റെ അനുവാദം വാങ്ങിയാലേ പരീക്ഷ എഴുതിപ്പിക്കാൻ പറ്റു.”ഷീല ടീച്ചർ തറപ്പിച്ചു പറഞ്ഞു.എന്റെ നെഞ്ചിൽ തീക്കട്ട വീഴുന്നത് പോലെയായിരുന്നു.പ്രിൻസിപലിനെ കണ്ട് അനുവാദം വാങ്ങി വരുമ്പോഴേക്കും സമയം ഇനിയും വൈകും .ഞാനും പ്രിൻസും മാറിമാറി അഭ്യർത്ഥിച്ചിട്ടും ടീച്ചർ കേൾക്കാൻ കൂട്ടാക്കിയില്ല. ബാക്കി എല്ലാ പരീക്ഷയും എഴുതി അവസാനത്തെ പരീക്ഷ എഴുതാതെ തോൽക്കുന്നതോർത്ത് ഞാൻ ഹാളിൽ പുറത്തിരുന്നു കരഞ്ഞു.

****************
(പ്രിൻസിന്റെ കണ്ണുകളിലൂടെ )

ഞാൻ കത്തിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി.എന്റെ ശബ്ദം ഇടരുന്നതിനും കണ്ണ് നിറയുന്നതിനും വ്യക്തമായ കാരണമുണ്ട്.ജാനറ്റും മെർലിനും എന്നെ ശ്രദ്ധിക്കുന്നുണ്ടന്ന് മനസ്സിലാക്കിയ സമയത്താണ് പരീക്ഷയ്ക്കുള്ള ആദ്യത്തെ ബെല്ലടിച്ചത്. മെർലിൻ പറഞ്ഞു : “നമുക്ക് പരീക്ഷ കഴിഞ്ഞിട്ട് സംസാരിക്കാം.അരമണിക്കൂറിനകം പരീക്ഷ തുടങ്ങും .”

തലയാട്ടികൊണ്ട് മെർലിനും ജാനറ്റും പരീക്ഷഹാളിലേക്ക് കയറിയപ്പോൾ ഞാൻ ഓടി ചെന്നത് ലൈബ്രററിയിലേക്കാണ്.പഴയ പുസ്തകങ്ങൾ വെച്ചിട്ടുള്ള അലമാരകളുടെ ഇടയിൽ പോയ ഞാൻ ഓട്ടം നിർത്തിയത് ഇംഗ്ലീഷ് ഡിപാർട്ട്മെന്റിലെ അവസാന ഷെൽഫിൽ.അതിന്റെ മുകളിൽ ഞാൻ നോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി ഞാനെഴുതിയ കത്ത് കാണ്മാനില്ലെന്ന്.

പരീക്ഷയ്ക്കുള്ള പുസ്തകവും തുറന്ന് ഒരു മരക്കസേരയിൽ ഇരിക്കുമ്പോൾ എന്റെ മനസിലെ ചിന്തകൾ പലതായിരുന്നു.പ്ലസ്ടു വിനു തുടങ്ങിയതാണ് ഞങ്ങൾ മൂന്നു പേരുടെയും സൗഹൃദം.എന്റെ കൂടെ കൂടുതൽ കാലം ഇടപഴകിയത് കൊണ്ടാണോ എന്നറിയില്ല, മറ്റാരോടും തോന്നാത്ത ഒരിഷ്ട്ടം എനിക്ക് ജാനറ്റിനോടുണ്ടായിരുന്നു.തുറന്ന് പറയാൻ പല അവസരങ്ങൾ കിട്ടിയിട്ടും സൗഹൃദം പോലും നഷ്ടപെടുമെന്നു വിചാരിച്ച് ഒന്നും പറയാതെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കാത്ത് സൂക്ഷിച്ചിരുന്നു.മെർലിനുള്ളപ്പോൾ ഇത് പറയാൻ കഴിയുമായിരുന്നില്ല.അവസാനം കുറെ മാസങ്ങൾ മുന്പ് ഒരു കത്തിലൂടെ എന്റെ ഹൃദയഭ്യർത്ഥന നടത്താൻ തീരുമാനിച്ചു.മനസ്സില് തോന്നിയ വാക്കുകളെല്ലാം സ്വരൂ കൂട്ടി ഒരു കത്ത് ഞാൻ എഴുതി.

മെർലിൻ വരാത്ത ഏതെങ്കിലും ദിവസം കത്ത് കൊടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.വീണ്ടും കൊടുക്കാനുള്ള പേടി കൊണ്ട് കത്ത് കൊടുക്കാതെ ഇരുന്നു.എഴുതിയ കത്ത് കീറി കളയാനും മനസ്സ് വന്നില്ല.വീട്ടിലോ ക്ലാസ്സിലോ വെച്ചാൽ ആരെങ്കിലും വായിക്കുമെന്ന് കരുതി എനിക്ക് മാത്രം അറിയാവുന്ന ഒരു സ്ഥലത്ത് ഞാൻ കത്ത് ഒളിപ്പിച്ചു.ലൈബ്രററിയിലെ ഇംഗ്ലീഷ് ഡിപാർട്ട്മെന്റിലെ അവസാന ഷെൽഫിന്റെ മുകളിലെ ഒരു വിടവിന്നുള്ളിൽ.ലൈബ്രററിയിൽ പോകുമ്പോഴെല്ലാം ആ കത്ത് അവിടെ ഉണ്ടോ എന്ന് ഉറപ്പു വരുത്താറുമുണ്ട്.

അങ്ങനെ മാസങ്ങൾ കടന്നു പോയി.കത്തിനെ പറ്റി മറന്നു തുടങ്ങിയ നേരത്താണ് മെർലിന് അജ്ഞാതകാമുകന്റെ ഈ പ്രേമലേഖനം.അതിന്റെ ഉള്ളടക്കവും എഴുതിയ രീതിയുമെല്ലാം ഞാനെഴുതിയ കത്തുമായി നല്ല സാമ്യമുണ്ടായിരുന്നു.ആരോ എന്റെ കത്ത് എടുത്ത് പകർത്തി എഴുതിയതാണെന്ന് മനസ്സിലായി.ഇതെല്ലം ആലോചിച്ചു ഇരിക്കുമ്പോൾ എന്റെ മുൻപിലേക്ക് ജാനറ്റ് വന്നു.

ദേഷ്യത്തോടെയും സങ്കടത്തോടെയുമുള്ള അവളുടെ നില്പിന്റെ കാരണം എനിക്ക് ആദ്യം മനസ്സിലായില്ല.പിന്നെ എന്റെ തലയ്ക്കു അവളടിച്ചപ്പോൾ പരീക്ഷയുടെ കാര്യം ഓർമ്മ വന്നു.പരീക്ഷ തുടങ്ങിയോ എന്നവളോട് ചോദിച്ചപ്പോൾ എപ്പോഴേ തുടങ്ങി എന്ന് മറുപടി പറഞ്ഞു.

നേരെ ഹാളിലേക്ക് പോയ ഞങ്ങളെ ഷീല ടീച്ചർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.ഞങ്ങൾ ആവുന്നതും ടീച്ചറോട് പറഞ്ഞു നോക്കി.പ്രിന്സിപലിന്റെ അനുവാദം വാങ്ങിയിട്ട് പരീക്ഷ എഴുതിയാൽ മതി എന്ന് പറഞ്ഞു.ഇതെല്ലം കൂടി ആയപ്പോൾ ജാനറ്റ് കരയാൻ തുടങ്ങി.ഞാൻ കാരണം പരീക്ഷ മുടങ്ങുമല്ലോ എന്നൊർത്ത് ജാനറ്റിനെയെങ്കിലും പരീക്ഷ എഴുതിപ്പിക്കാൻ ഞാൻ ടീച്ചറോട് പറഞ്ഞു..അവര് അത് വക വെച്ചില്ല.അപ്പോൾ സണ്ണി സാർ കാര്യങ്ങൾ അന്വേഷിക്കാൻ വന്നു.സാറും ടീച്ചറും തമ്മിൽ സംസാരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു.

“എന്താ, എന്ത് പറ്റി ? ”
“സർ ,ഗ്രൈസ് ടൈം കഴിഞ്ഞു.ഇവരെ ഇനി എക്സാം എഴുതിപ്പിക്കാൻ പ്രിന്സിപലിന്റെ പെർമിഷൻ വേണം എന്ന് പറയായിരുന്നു .”
“എന്നോട് ചോദിച്ചിട്ടാണ് ഇവർ ഹാളിന് വെളിയിൽ ഇറങ്ങിയത്.ഇവരെ എക്സാം എഴുതിപ്പിക്കണം.”
“പക്ഷെ സാർ , വൈകിയാൽ പരീക്ഷയ്ക്ക് കയറ്റരുതെന്ന് റൂൽസുണ്ട് .”
“ഞാനും ഈ എക്സാമിന്റെ ഇൻവിജിലെട്ടറാണ് . എന്റെ ഉറപ്പിൽ ഇവരെ പരീക്ഷ എഴുതിപ്പിക്കാം.ലെറ്റ് തെം റൈറ്റ് ദി എക്സാം.”
“ബട്ട് സാർ.”
“ഡു വാട്ട് ഐ സെഡ് !!!”

എനിക്കും ജാനറ്റിനും സമാധാനമായി.സാറിനോട് നന്ദി പറഞ്ഞു ഞങ്ങൾ രണ്ടു പേരും പരീക്ഷ എഴുതി.
എല്ലാം കണ്ടുകൊണ്ട് നിസ്സഹായനായി മെർലിൻ ഹാളിനകത്ത് ഉണ്ടായിരുന്നു.

***************
(ലേഖകന്റെ കണ്ണുകളിലൂടെ)

പരീക്ഷ കഴിഞ്ഞ് മൂവരും ഹാളിനു പുറത്തിറങ്ങി.ജാനറ്റ് സംഭവിച്ച എല്ലാ കാര്യങ്ങളും മെർലിനോട് പറഞ്ഞു .ലൈബ്രററിയിൽ പോയതിന്റെ കാരണം എത്ര ചോദിച്ചിട്ടും വിശ്വസനീമായ ഒരു മറുപടി പ്രിൻസ് പറഞ്ഞില്ല.ആലിഞ്ചുവട്ടിൽ വെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് മെർലിൻ പറഞ്ഞു : “ഇത്രയൊക്കെ പ്രശ്നം ഉണ്ടായതല്ലേ.നമുക്ക് ആരെയും കാത്തിരിക്കണ്ട . വേഗം വീട്ടില് പോകാം .” .

എന്നാൽ, ഇനി എന്ത് വന്നാലും കത്തെഴുതിയവനെ കണ്ടിട്ടേ വീട്ടിലേക്ക് പോകൂ എന്ന് പ്രിൻസും ജാനറ്റും ഒരേ സ്വരത്തിൽ പറഞ്ഞു.

ആലിഞ്ചുവട്ടിൽ മൂന്നു പേരും ഒന്നും മിണ്ടാതെ അങ്ങനെയിരുന്നു.നാല് മണിക്കുള്ള കാത്തിരിപ്പായിരുന്നു.നല്ല വെയിലുള്ള സമയമായിരുന്നു.ആല്മരത്തിന്റെ മുന്നിലുള്ള റോട്ടിലുടെ വാഹനങ്ങളെ നോക്കി ഓരോരുത്തരും ഓരോ ചിന്തയിൽ ആയിരുന്നു. മെർലിന്റെ ക്ലാസ്സിലെ ആരാണ് കത്ത് എഴുതാൻ സാധ്യത എന്ന് പ്രിൻസ് ആലോചിക്കുമ്പോൾ പ്രിൻസ് തന്നെ സ്വയം കുറ്റം സമ്മതിച്ച് എല്ലാം ഏറ്റു പറയും എന്നാണു ജാനറ്റ് ആലോചിച്ചത്.മെർലിൻ കത്തിനെ തിരിച്ചും മറിച്ചും വായിച്ചു കൊണ്ടേയിരുന്നു.

അന്തരീക്ഷത്തെ ചൂടെല്ലാം പോയി.മഴക്കാറ് വന്നു ആകെ ഇരുണ്ടു തുടങ്ങി.ഒരു ബൈക്ക് യാത്രികൻ ആൽമരത്തിന്റെ അടുത്ത് വേഗത കുറച്ചു. വണ്ടി നിർത്തി അയാൾ മെല്ലെ ഹെൽമെറ്റ് ഊരുമ്പോൾ സമയം കൃത്യം നാലുമണി.അജ്ഞാത കാമുകൻ ഇത് തന്നെ എന്ന് അവർ ഉറപ്പിച്ചു .മൂവരും ബൈക്ക്കാരനെ തന്നെ നോക്കി.എല്ലാവര്ക്കും പരിചിതമായ ഒരു മുഖം.ജാനറ്റിനെയും പ്രിൻസിനെയും രക്ഷിച്ച സണ്ണി സാർ .

പ്രിൻസിനും ജാനറ്റിനും വിശ്വസിക്കാനായില്ല.ഒരു ലെക്ചറർ ഇങ്ങനെ ഒരു കത്ത് എഴുതാൻ മാത്രം തരം താണു പോയോ എന്നവർ വിചാരിച്ചുു .അയാൾ മെർലിന്റെ അടുത്ത് വന്നു പരീക്ഷ എങ്ങനെ ഉണ്ടെന്ന് മാത്രം ചോദിച്ചുു .കുഴപ്പമില്ലെന്നുള്ള മെർലിന്റെ മറുപടിക്കൊടുവിൽ ബാക്കി രണ്ടു പേരുടെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു : “നിങ്ങൾ രണ്ടാളെയും പരീക്ഷ എഴുതിപ്പിക്കാൻ പാടില്ലാത്തതാണ്.മെർലിൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങൾക്ക് വേണ്ടി ഇത്രയും റിസ്ക് എടുത്തത് .ഇനി മേലാൽ ഇത് ആവർത്തിക്കരുത്. ” ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെ സണ്ണി സാർ പോയതിനു ശേഷം മൂവരും വീണ്ടും നിശബ്ദരായി.

മെർലിൻ ബാഗിൽ നിന്ന് മറ്റൊരു കത്തെടുത്ത് ജാനറ്റിനു കൊടുത്തു.അത് വായിച്ച ജാനറ്റിനു അതെഴുതിയത് പ്രിന്സാണ് എന്ന് തിരിച്ചറിയാൻ അധികം സമയമെടുത്തില്ല.രണ്ടു കത്തുകളും മാറിമാറി നോക്കുന്ന ജാനറ്റിനു ഒന്നും മനസ്സിലായില്ല.സംശയത്തോടെ ജാനറ്റ് ചോദിച്ചു : “എന്താ ഇതിന്റെ ഒക്കെ അർത്ഥം? നിങ്ങൾ രണ്ടു പേരും കൂടി എന്നെ പറ്റിക്കാൻ നോക്കിയതാണോ?”

ജാനറ്റിനോട് മറുപടി പറഞ്ഞത് പ്രിൻസായിരുന്നു.

“നിനക്ക് വേണ്ടി ഞാൻ എഴുതിയതാണ് ഇപ്പോൾ നിന്നെ മെർലിൻ കാണിച്ച കത്ത് .അത് ഇത് വരെ നിനക്ക് തരാതെ ഒളിപിച്ചു വെച്ചിരിക്കുകയായിരുന്നു.ഇതെങ്ങനെ മെർലിന്റെ കൈയ്യിൽ വന്നു എന്നെനിക്ക് അറിയില്ല.നമ്മൾ രാവിലെ വായിച്ച കത്ത് ആരാണ് എഴുതിയെതെന്നു സത്യമായിട്ടും എനിക്കറിയില്ല.”

ഒടുവിൽ മെർലിൻ എല്ലാം തുറന്ന് പറയേണ്ടി വന്നു.
“ഇതിനു എല്ലാത്തിന്റെയും ഉത്തരവാദി ഞാൻ തന്നെയാണ്.മുൻപൊരിക്കൽ ലൈബ്രററിയിൽ വെച്ച് പ്രിൻസ് ഒരു കത്ത് ഒളിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.അവൻ പോയ സമയത്ത് അത് വായിച്ചപ്പോൾ ജാനറ്റിനുള്ളതാനെന്ന് ആണെന്ന് എനിക്ക് മനസ്സിലായി.അവൻ ഇത് എന്നെങ്കിലും ജാനറ്റിനു കൊടുക്കുമെന്ന് കരുതി ആ കത്ത് ഞാൻ തിരികെ വെച്ചു.പക്ഷെ, പ്രിൻസിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഉണ്ടായില്ല .കത്ത് ലൈബ്രററിയിൽ തന്നെ ഇരുന്നു. അവസാന പരീക്ഷയുടെ ദിവസം ഈ കത്ത് ഉപയോഗിച്ച് നിങ്ങളെ കളിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.പിന്നെ സംഭവിച്ചതെല്ലാം നിങ്ങൾക്ക് ഊഹിക്കവുന്നതുള്ളൂ .ഈ കത്ത് കാരണം ഇത്രെയും പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് സ്വപനത്തിൽ പോലും കരുതിയില്ല .ഷീല ടീച്ചറിന്റെ അടുത്തേക്ക് സണ്ണി സാറിനെ വിട്ടതും ഞാൻ പറഞ്ഞിട്ടായിരുന്നു.എല്ലാം എന്റെ തെറ്റാണ്. സോറി. ”
ഇത്രെയും പറഞ്ഞപ്പോഴേക്കും മെർലിൻ കരച്ചിലിന്റെ വക്കുവരെയെത്തി.
പൊറുക്കാനാവാത്ത തെറ്റൊന്നും മെർലിൻ ചെയ്തട്ടില്ലെന്നു പ്രിൻസിനും ജാനറ്റിനും ബോദ്ധ്യമായി.മനസിലുള്ളതൊക്കെ തുറന്നുപറഞ്ഞു അവരെല്ലാവരും പഴയ ഒര്മ്മകളെല്ലാം പങ്കുവെച്ചു. മെർലിന്റെ സാന്നിദ്ധ്യത്തിൽ പ്രിൻസിന്റെയും ജാനറ്റിന്റെയും പ്രണയം പൂവണിഞ്ഞു .അപ്പോൾ ചാറ്റൽ മഴ മെല്ലെ പെയ്യാൻ തുടങ്ങി.ഒരു കുടക്കിഴിൽ അവർ മൂവരും മഴയെ നോക്കിയങ്ങനെ ഇരുന്നു.

-ശുഭം-

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura