Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » വിസ്മൃതി – ശ്രീനിൽ രാജ്

വിസ്മൃതി – ശ്രീനിൽ രാജ്

വർണശബളമായ സരസ്വതിമണ്ഡപം …ചുവന്ന പതുപതുത്ത കസേരകളിൽ ഉപവിഷ്ടരായ സദസ്യർ…ഡൽഹിതെരുവിലെ കച്ചവടക്കാർ വരെ ഉണ്ട് അതിൽ.മധ്യവയസ്സിലും വേദിയിലെ നിലവിളക്കിനെ തോല്പ്പിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യവുമായി ശാരദാംബാൾ സദസ്സിനെ വന്ദിച്ചു.നെറ്റിയില അപ്പോളും മായാതെ സിന്ദൂരം ..മുഖത്തേക്ക് പാറിവീണ മുടിയിൽ നര കയറിയിട്ടുണ്ടോ?സദസ്സിന്റെ മൂലയിൽ ഇരുന്നു അയാൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അയാൾക്ക് നഷ്ടബോധം തോന്നുന്നുണ്ടായിരുന്നു.അതുണ്ടാക്കിയ വേദന ജോസഫ് സക്കറിയയുടെ ക്ലിനിക്കിലെ മരുന്നിനുപോലും ഇല്ലാതാക്കാൻ കഴിയില്ലന്നയൾക്കറിയാമായിരുന്നു.കച്ചേരി തീരുംവരെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു.

കണ്ടുമടുത്ത അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ പരിചിതമായ ഒരു രൂപം വേച്ചു വേച്ചു നടന്നുപോകുന്നനത് ശാരദാംബാൾ കണ്ടു.വീണ്ടും വീണ്ടും എത്തി നോക്കവേ കാഴ്ചതടസ്സപെട്ടു …

പുകമറ പോലെ മഞ്ഞു പൊതിഞ്ഞ ഫ്ലാറ്റിനുപുറത്തെ അന്തരീക്ഷത്തിലെ മഞ്ഞവെളിച്ചത്തിൽ പ്രാണികൾ വട്ടമിട്ടു പറക്കുന്നു.അസ്ഥി വരെ ഇരച്ചു കയറുന്ന തണുപ്പിൽ അവരൊരു മഫ്ലർ പുതച്ചിരുന്നു.മുന്നിൽ ആവിപറക്കുന്ന കാപ്പിയിൽ നോക്കി നിശ്ചലയായി ഇരിക്കുമ്പോൾ അവരുടെ മനസ്സ് ചുവപ്പുനാടകൾ പൊതിഞ്ഞുകെട്ടിയ ഇലക്ഷൻ പാർട്ടിയുടെ പ്രചാരണ വാഹനതിനോപ്പം സഞ്ചരിക്കുകയായിരുന്നു.അവിടെ കണ്മഷി എഴുതിയ നിഷ്കളങ്കമായ കണ്ണുകളുംവിളറി വെളുത്ത പുഞ്ചിരിയുമായി ഒരുപെണ്കുട്ടിയും അവളുടെ കൈകോർത്തു പിടിച്ചുകൊണ്ടു ഒരു യുവാവും പാടുന്നുണ്ടായിരുന്നു .
“നൂറു പൂക്കളെ നൂറു നൂറു പൂക്കളേ ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ”…..
കർക്കിടകത്തിൽ ഉത്രാടം, കെങ്കേമമായിരിക്കണ് മകളുടെ ജാതകം ലോകപ്രസക്തയാകും പത്തൊൻപതാം വയസ്സിൽ മംഗല്ല്യയോഗവും പിന്നെ സന്താനഭാഗ്യവും കാണുന്നുണ്ട്.
അംബാൾ കൃഷ്ണരുടെ കണ്ണ്നിറഞ്ഞു പോയി മടിയിൽ നിന്നും ഒരു പത്തുരൂപ നോട്ടെടുത്ത് കവടിപലകയിൽ വെച്ച് തൊഴുതു.അമ്മേ മഹാമായേ എൻറെ കുട്ട്യോളെ കാത്തോളനെ …
തോൾസഞ്ചിയുമായി പണിക്കര്പോയികഴിഞ്ഞിരുന്നു.പടിപ്പുരയിൽ മറ്റൊരു പദവിന്യാസം.
ആരാ അത്
ഞാനാ അച്ഛാ ….കൈയിൽ ചുറ്റിയ രക്തഹാരങ്ങളുമായി അവൾ കോലായിലേക്ക് കയറി.
എവിടെ അയിരുന്നു ഇതുവരെ..
അത്…ദാസേട്ടൻ നിർബന്ധിച്ചതുകൊണ്ടാ പ്രചരണത്തിനു കൂടെ പാട്ടു പാടാൻ …
കളിച്ചു നടക്കേണ്ട പ്രയമാണോ നിനക്ക്.. ആൾക്കാരെ കൊണ്ട് അതും ഇതും പറയിപ്പിക്കരുത്.
മുഖം താഴ്ത്തികൊണ്ട് അവൾ അകത്തേക്ക് കയറിപോയി.

കാപ്പി കൊണ്ടുവന്ന ചുവന്ന തൊപ്പി അണിഞ്ഞ പയ്യൻ ഫ്ലാറ്റിനുപുറത്ത് വന്നിരിക്കുന്നു.
നാളെ എന്താണ് പ്രോഗ്രാം എന്ന് ചോദിക്കൂ ,എപ്പോൾ മടങ്ങാം ..
ശരി എന്ന ഭാവത്തിൽ തല ആട്ടിയിട്ടു അവൻ അകത്തേക്ക് കയറിപോയി.

ജോസഫ് സർ ,പതിനെട്ടാം നമ്പർ മുറിയിലെ ജയൻ മരുന്ന് കഴിക്കാൻ കൂട്ടാക്കുന്നില്ല.ഒന്നുവരാമോ.
ഞാനപ്പോളെ പറഞ്ഞതല്ലേ അയാളെ പുറത്തേക്കൊന്നും വിടണ്ട എന്ന്. ഇന്നലെ രാത്രി നൂറ്റി എട്ടു ഡിഗ്രീ ആയിരുന്നു പനി.
മേരിയോടൊപ്പം ചവിട്ടുപടികൾ കയറുമ്പോൾ അയാൾ ചോദിച്ചു
.മറ്റന്നാൾ അല്ലേ ഓപറേഷൻ ..
അതെ…പനി എങ്ങിനെ തുടർന്നാൽ ….?

നിനക്കറിയാമോ, ഇന്നലെ അയാള് എന്റെ റൂമിൽ വന്നിരുന്നു കുറെ കരഞ്ഞു.മാറ്റങ്ങൾക്കൊപ്പം മാറാൻ കഴിയാതെ പോയ ഒരു പാവം പട്ടാളക്കാരൻ.ഒന്നോർത്തുനോക്കൂ മരിക്കും മുൻപ് ഒരിക്കലെങ്കിലും ഭാര്യയുടെ പാട്ടുകേൾക്കാൻ ആഗ്രഹിച്ചത് തെറ്റാണോ?
ഒരു മരണത്തിനും അയാളെ ഞാൻ വിട്ടുകൊടുക്കില്ല.എന്റെ കഴിവിന്റെ പരമാവധി അതിനപ്പുറം ദൈവത്തിന്റെ കൈകളിൽ .പ്രോഗ്രാം കോർഡിനെറ്റർ ഹരിയെ എനിക്കറിയാം.അയാളെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്.ദൈവത്തിനു ഇഷ്ടമെങ്കിൽ അവർ വീണ്ടും ഒന്നിക്കട്ടെ.
ഓപറേഷൻ തിയറ്റർനു ഇടതുവശത്തുള്ള പതിനെട്ടാം നമ്പർ മുറി. .പച്ചനിറമുള്ള കിടക്കയിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ചുവരിൽ ചാർത്തിയിരിക്കുന്ന മുലയൂട്ടുന്ന അമ്മയെ നോക്കി ഇരിക്കുകയായിരുന്നു അയാൾ .ഡോക്ടറെ കണ്ടതും എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ അത് ശരീരത്തിന് വഴങ്ങാത്തത് പോലെ അയാൾക്കുതോന്നി .ദുർബലമായ എന്തോ ഓടിഞ്ഞുനുരുങ്ങുന്ന ശബ്ദം സ്റ്റെതസ്കോപ്പിലൂടെ കേൾക്കുന്നു …
ഒരു മരുന്നിനും എന്നെ രക്ഷിക്കാനാകില്ല , എനിക്കിനി ജീവിക്കനമെന്നില്ല ഡോക്ടർ .പാപങ്ങളുടെ പ്രതീകമാണ് ഞാൻ.
മിസ്റ്റർ ജയൻ ,ഇങ്ങിനെ ഒന്നും പറയരുത് സം ടൈംസ് മിറക്കൾ വിൽ ഹാപ്പെൻ .മനസ്സിന് മരുന്നിനെക്കൾ ശക്തി ഉണ്ടെന്നു മനസിലാക്കുക..
ശാരദാംബാളിന്റെ ഭാർത്താവാനെന്നു ഞങ്ങളാരും അറിഞ്ഞിരുന്നില്ല.ഇഞ്ചക്ഷൻ എടുക്കുന്നതിനിടയിൽ മേരി പറഞ്ഞു.
ഒരുവൻ താലികെട്ടിയതുകൊണ്ടുമാത്രം ഭർത്താവാകണമെന്നില്ല.കടമകൾ കർത്തവ്യങ്ങൾ എല്ലാം നിറവേ റ്റണം .അതിനിടയിൽ വിഷമങ്ങൾക്കുള്ള അത്താണി പോലെ ലഹരിയെ കൂട്ടുപിടിക്കരുത്.ഇന്ന് തനിക്കെല്ലാം മനസ്സിലാകുന്നു.അണുക്കൾ കാർന്നു തിന്ന ശ്വാസകോശത്തിന്റെ അടർന്നു വീഴാറായ പാളികളിൽ ,നീലചായമടിച്ച ചുവരിൽ തൂങ്ങുന്ന മുലയൂട്ടുന്ന അമ്മയുടെ കണ്ണുകളിൽ എല്ലാം തന്റെ പിഴച്ചു പോയ വഴികളിലെ കറുത്ത നിഴലുകൾ കൂട്ടംകൂട്ടമായി നൃത്തം ചെയ്യുന്നു.ഇനി വിസ്മൃതിയുടെ നാളുകൾ വലിയപുഴ നീന്തി ചെല്ലുന്നത് മരുഭൂമിയിലെക്കെന്നപോലെ അവിടെ പച്ചനിറമില്ല മഴക്കാടുകൾ ഇല്ല , ഇടക്കിടെ വീശുന്ന മണൽക്കാറ്റുകൾ മാത്രം പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ജീവിതം വറ്റി വരണ്ട പുഴപോലെ മുന്നിൽ തരിശ് ഭൂമി.വ്യർഥ മായിരുന്ന ജീവിതമായിരുന്നു തൻറെത് .

ഡോക്ടറും മേരിയും പോയിരുന്നു.അവർ കൊണ്ടുവന്നു വെച്ച ന്യൂസ് പേപ്പറിൽ ശാരദാംബാൾ പാടുന്നു .അയാൾ കാതോർത്തു കിടന്നു .കാതിൽ ചാത്തന്നൂർ ഭഗവതിയുടെ ചിലംബൊലി ഒച്ച .പഞ്ചാരി അഞ്ചാം കാലത്തിനൊപ്പം ചുവടുവെക്കുന്ന കോമരങ്ങൾ.നെറ്റിയിൽ ഉയര്ന്നു താഴുന്ന ഉടവാളി ൻറെ വേദനയിലും അവർ മനസ്സുനിറഞ്ഞ ഭക്തിയോടെ വിളിക്കുന്നു..അമ്മേ നാരായണ…
കയ്യിൽ നിറതാലം മുടിയിൽ മുല്ലപൂ , കാന്തശക്തിയുള്ള കണ്ണുകൾ കാഴ്ച്ചയിൽ ദേവി തന്നെ ….കോമരങ്ങൾക്കൊപ്പം അയാളും വിളിച്ചു..അമ്മേ നാരായണ ..
ചേർച്ചയുളള ജാതകം അടുത്ത ഞായറാഴ്ച ഒരു മുഹൂർത്തം ഉണ്ട് അത് കഴിഞ്ഞാപിന്നെ ചിങ്ങത്തിലെ ഉള്ളൂ …
ചിങ്ങം വരെ കാക്കാനുള്ള ലീവ് അവർക്കില്ല പണിക്കരേ ,അവിടെ പട്ടാളത്തിലൊക്കെ ലീവ് കിട്ടാൻ വല്യ ബുദ്ധിമുട്ടാത്രേ .അവർക്ക് ഒന്നും വേണ്ട .കാവിലെ ഉത്സവത്തിന് അമ്പലത്തിൽ വെച്ച് കണ്ടതാ ശാരദയെ ,പിറ്റേന്ന് തന്നെ ഇവിടെ വന്നു നല്ല തറവാട്ടുകാരാ ,പയ്യന്റെ അച്ഛനും പട്ടാളത്തിൽ ആയിരുന്നു.എന്നാപിന്നെ അടുത്ത ഞായറാഴ്ചത്തെക്ക് ഉറപ്പിക്കാം പണിക്കരേ …

അങ്ങിനെ പത്തൊന്പതാം വയസ്സിൽ ശാരദക്ക് മംഗല്യം . പണിക്കരുടെ കവിടിക്ക് പിഴച്ചില്ല ..
പടിപുരയിൽ നിറ കണ്ണുകളോടെ അച്ഛനും അമ്മയും ,അവർക്കുപിന്നിൽ ഓർമ്മകളുറങ്ങുന്ന അംബാൾ തറവാട് ,തൊടി യിലെല്ലാം ഓടികളിച്ച ബാല്യം ,സപ്തസ്വരങ്ങളെ ആത്മാവിലെക്കാവാഹിച്ച തെക്കിനി ..എല്ലാം നഷ്ടമാകുകയാണോ ..അവരെല്ലാം നല്ല അച്ചടക്കത്തിൽ വളർന്നവരാ . പാട്ടും കൂത്തും ഒന്നും അവിടെ പാടില്ലത്രെ …
ദാസേട്ടനെ കണ്ടില്ല, നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്കെല്ലാം നീർക്കുമിളയുടെ ആയുസ്സേ ഉണ്ടായിരുന്നോള്ളൂ .ബസ് കാത്തുനിൽക്കുമ്പോൾ പാർട്ടി ഓഫീസിലേക്ക് നോക്കി പക്ഷെ അവിടെ എങ്ങും ആരെയും കണ്ടില്ല.

ഇരുമ്പ് ഗേറ്റ് തുറന്നാൽ ഇരുവശത്തായി വെട്ടി നിറുത്തിയ ബുഷ് ചെടികൾ ..പിന്നെ ചെറിയ പടികെട്ട് ,കാലൊച്ചകൾ പോലും അപരിചിതമായ അകത്തളങ്ങൾ ..അത്രയും നിശബ്തത.. ..ജയൻറെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ അവള്ക്കെന്നും ഇഷ്ടമായിരുന്നു. അയാളോ ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരു മുരടനായിരുന്നു .

നാട്ടിൽ വേറെ സൌകര്യമില്ലതതിനാൽ പ്രസവത്തിനു അങ്ങോട്ട് കൊണ്ടുപോയില്ല ഇന്ദുവിന്റെ ഇരുപത്തെട്ടിനു വരാൻ പോലും അയാൾക്ക് ലീവ് കിട്ടിയില്ല. അമ്മയുടെയും പരിഭവം നിറഞ്ഞ ശാരദ യുടെയും കത്തുകൾ മുറപോലെ വന്നു.അമ്മയുടെ കത്തുകളിൽ ആയിടെയായി ഒരു പുതിയ കഥാപാത്രം ഇടംപിടിച്ചിരിക്കുന്നു ദാസ് എന്ന പാർട്ടി പ്രവർതതകൻ ..നല്ല സ്വഭാവമാണത്രെ അയാളുടേത് മാത്രവുമല്ല ശാരദയുടെ നാട്ടുകാരനും.അയാള് നന്നായി പാടും .അയാളുടെ പ്രോഗ്രാമിൽ ശാരദയെകൊണ്ട് പാടിക്കണമത്രേ ..
ആ കത്ത് കീറി കാറ്റിൽ പറത്തി ,പാട്ട് പോലും പാട്ട് …
അനുവാദം ചോദിച്ചുവന്ന ശാരദയുടെ കത്തുകളുടെയും ഗതി അതുതന്നെയായിരുന്നു ..ഇന്ദു ചിരിക്കുന്നതും കരയുന്നതും തിരിച്ചറിയാൻ കഴിയില്ല ,ശബ്ദം വീണമീട്ടുംപോലെ ആണ് ..
റൗണ്ട്സിനു വന്ന പട്ടാളക്കാർ പോയതെയൊള്ളൂ .രാത്രിയുടെ വിജനതയിൽ ചീവീടുകൾ കരയുന്നു.അയാൾ പതുക്കെ പാടി നോക്കി .ഒമാന തിങ്കൾ കിടാവോ ……പണ്ട് ചിന്നമ്മ ടീച്ചർ പാടി തന്ന ഈണത്തിൽ.കുറച്ചുകൂടി ശബ്ദത്തിൽ ..പട്ടാള ബൂട്ടുകളുടെ ശബ്ദം അടുത്തുവന്നപ്പോൾ അയാള് പുതപ്പിന് അടിയിലേക്ക് വലിഞ്ഞു .ഇപ്പോൾ ചീവീടുകൾക്കൊപ്പം അകലെ നായ്ക്കൾ ഓരിയിടുന്നു തനിക്കു പാടാൻ കഴിയുന്നുണ്ടോ ?പിന്നെ ?

പല രാത്രികളിൽ അയാള് ഞെട്ടി ഉണർന്നു . മുറിയിൽ വെളിച്ചം കണ്ട റൗണ്ട്സിനു വന്ന പട്ടാളക്കാർ പല തവണ വാതിലിൽ മുട്ടി .
ലീവ് ക്യാൻസൽ ചെയ്തു തിരിച്ചു വരുമ്പോൾ അയാൾ ഒന്ന് തീരുമാനിച്ചിരുന്നു ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ല അവന്റെ ഷർട്ട് കോളറിൽ കുത്തി പിടിച്ചു ഒരു ഭ്രാന്തനെ പോലെ അയാൾ അലറിയിരുന്നു …
നീയാണ് എന്റെ ജീവിതം നശിപ്പിച്ചത് ,യുദ്ധഭൂമിയിൽ കൂടി എന്റെ കുടുംബമായിരുന്നു ഏക ആശ്വാസം ..എല്ലാം തകർത്തില്ലേ …
എന്നെ അവിസ്വസിക്കരുത് ജയേട്ടാ ..എന്നുവിളിച്ചവൾ കാൽക്കൽ വീണു .ഒന്നുമറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന ഇന്ദു, അവളെ ഒന്നെടുത്തു കൊഞ്ചിക്കുക കൂടി ചെയ്തില്ല, അച്ഛാ എന്ന് വിളിച്ചു ഓടി അടുക്കുമ്പോൾ ഒഴിഞ്ഞുമാറും ..മണ്ണിൽ വീണുകിടന്നു അവൾ പിന്നെയും അച്ഛാ എന്ന് വിളിച്ചു കരയും വീണ മീട്ടും പോലെ .

ഏകാന്തതയുടെ പല വർഷങ്ങൾ കൊഴിഞ്ഞു വീണിരിക്കുന്നു .ജീവിതത്തിലെ തോൽവികൾക്കൊടുവിൽ പാപങ്ങളുടെ പോതിച്ചോറുമായി അയാൾ ഈ വഴിയമ്പലത്തിൽ ..മുലയൂട്ടുന്ന അമ്മയുടെ കണ്ണുകളിൽ സഹതാപതിത്തിന്റെ അശ്രു ബിന്ദുക്കൾ ..
കണ്ണുതുറന്നപ്പോൾ ബെഡഡ് നു അടുത്തുള്ള കസേരയിൽ ആരോ ഉണ്ട്.കട്ടിയുള്ള കണ്ണടയും നരച്ചതാടിയും ഉള്ള ആൾ ..അയാള് സ്വയം പരിചയപ്പെടുത്തി ..
ഞാൻ ഹരിദാസ് ..
പലരാത്രികളിൽ തനിക്കു ഉറക്കം നിഷേധിച്ച ശബ്ദത്തിനുടമ ..
എനിക്ക് മനസ്സിലായി ..പക്ഷെ ഇവിടെ ?
നിയോഗം അല്ലാണ്ടെന്തുപറയാൻ ..അല്ലങ്കിൽ ഞാൻ ഏറ്റവും വെറുക്കുന്ന ഒരാളുടെ അരുകിൽ വന്നിങ്ങിനെ ഇരിക്കേണ്ടി വരുമോ?
പല നാളുകൾ കൊണ്ട് ചേർത്ത് വെച്ച വാക്കുകളെല്ലാം പുറത്തു ചാടുംപോലെ അയാൾക്ക് തോന്നി ..
നിങ്ങൾ ചെയ്തത് നന്നായി ജയൻ , അല്ലങ്ങിൽ ശാരദയെന്ന പാട്ടുകാരിയെ ഈ ലോകം അറിയാതെ പോയേനെ ..അംബാൾ തറവാട്ടിലെ തെക്കിനിയിൽ ഇന്ന് ചിതലരിച്ചു ദ്രവിച്ച ഒരു വീണ ഉണ്ട് അതിന്റെ ശ്രുതിയിൽ ജീവിച്ച ഒരു സംഗീതകാലം തന്നെയുണ്ട് ഞങ്ങള്ക്ക് .സംഗീതത്തിന്റെ മഹത്വമറിയാൻ നിങ്ങള്ക്ക് കഴിയില്ല ജയൻ ..ഒരുപക്ഷെ നിങ്ങൾ കടന്നു വന്നില്ലയിരുന്നെങ്ങിൽ…അയാളുടെ ശബ്ദം ഇടറി ..
നിങ്ങള്ക്കറിയാമോ നിങ്ങൾ ഇറങ്ങി പോയതിനു ശേഷം,പലരും പറഞ്ഞു മറ്റൊരു വിവാഹം കഴിക്കാൻ .പക്ഷെ അവൾ എന്നും നിങ്ങളെ മാത്രമേ സ്നേഹിചിരുന്നോള്ളൂ ..എന്റെ നിർബന്ധം കൊണ്ടാണ് അവൾ പിന്നെയും പാടിയത് …..

പലവട്ടം മനസ്സില് തോന്നിയ കാര്യങ്ങൾ ഒരു പ്രഭാതത്തിൽ ആരോ അയച്ച ഒരു ദേവദൂതൻ വന്നു പറയുമ്പോലെ …

എന്നോട് ക്ഷമിക്കു ഹരിദാസ് , എന്റെ അപഹർഷത ബോധം എന്നെ തെറ്റുകാരനാക്കി …
നിങ്ങളെ കണ്ടുമുട്ടുമെന്ന് പറഞ്ഞപ്പോൾ മുതൽ കാണാനുള്ള കൊതിയോടെ ഒരാള് പുറത്തിരിക്കുന്നുണ്ട് , അവൾ നിങ്ങളോട് ക്ഷമിക്കട്ടെ ….
ഏകാന്തതയുടെ പലവർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുക .തെറ്റുകൾ ഏറ്റു പറയണം ദ്രവിച്ചു തുടങ്ങിയ പഴയ വീണയുടെ ശ്രുതിയിൽ പാട്ടുകൾ കേട്ട് ഉറങ്ങണം മുഖത്ത് മണ്ണ് പറ്റി നിൽക്കുന്ന ഇന്ദുവിന്റെ കവിളിൽ കുറെ ഉമ്മകൾ കൊടുക്കണം ചേർത്തു വെച്ച സ്നേഹത്തിന്റെ പ്രളയം പോലെ ..എല്ലാം ഓർത്തപ്പോൾ നെഞ്ചിൽ ആരോ പെരുമ്പറ കൊട്ടുംപോലെ ശ്വാസ ഗതി കൂടി .നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു .ഹൃദയമിടിപ്പ് കൂടി ..അയാള് ഒന്ന് ചുമച്ചപ്പോൾ രക്തം കലര്ന്ന കഫം പുറത്തുവന്നു ..വീണ്ടും വീണ്ടും ചുമച്ചു .കണ്ണുകൾ അടയുംപോലെ ..ആരൊക്കെയോ ഓടി വരുന്നുണ്ട് .ശുഭ്രവസ്ത്രമണിഞ്ഞ മാലാഖമാർ ..അവർക്കിടയിൽ അയാൾ അവ്യക്തമായി കണ്ടു ..കാന്തശക്തിയുള്ള കണ്ണുകൾ… മുഖത്തേക്ക് പാറി വീണ മുടിയിഴകളിൽ നരകയരിയിരിക്കുന്നു ..കൂടെയുള്ള വെളുത്ത ചുരുളൻ മുടിയുള്ള പെണ്കുട്ടിയെ ആയിരുന്നുവോ ചുവരിലെ അമ്മ മുലയൂട്ടിയിരുന്നത് ..അവൾ കരയുകയാണോ…പക്ഷെ വീണമീട്ടുന്ന പോലെ തോന്നുന്നു.അയാളുടെ കണ്ണുകൾ മുഴുവനായും അടഞ്ഞു മുന്നിൽ ഇരുട്ടിന്റെ തിരശീല .

ഇനി വിസ്മൃതിയുടെ നാളുകൾ ..വലിയ പുഴ നീന്തി ചെല്ലുന്നത് ഒരു മരുഭൂമിയിലെക്കെന്നപോലെ …അവിടെ പച്ചനിറമില്ല ,മഴക്കാടുകൾ ഇല്ല ,ഇടക്ക് ഇടക്ക് വീശുന്ന മണൽക്കാറ്റുകൾക്കൊപ്പം അകലെ ആരോ വീണമീട്ടുന്നത് കേൾക്കാം ….

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura