Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » പനിനീർപ്പൂ ചൂടിയ ജാടക്കാരി – വിനോദ് എൻ

പനിനീർപ്പൂ ചൂടിയ ജാടക്കാരി – വിനോദ് എൻ

അവളെ ആദ്യം ഞാൻ കാണണത് നല്ല മഴയുള്ള ഒരു ദിവസം ആണ്. ഞങ്ങൾ ആ ‘മില്ലേനിയം ബാച്ച്’ ആണ്, ആദ്യായിട്ട് ‘പ്രീ-ഡിഗ്രി’ മാറി +2 വന്ന കാലം. നല്ല ഒരു കോളേജിൽ പഠിക്കാൻ കഴിയാത്തെന്റെ നിരാശ എല്ലാവർക്കും ഉണ്ട്. പോരാത്തേന് ക്ലാസ്സിൽ ഞങ്ങൾ ആണ്പിള്ളേർ ‘ന്യൂന’പക്ഷവും! ആകെ ഒരു അങ്കലാപ്പ്, പരിഭ്രമം, പിന്നെ കൂടെയുള്ളവന്മാരോക്കെ നമ്മുടെ റേഞ്ച് ആണ് എന്നറിഞ്ഞ ഒരേ ഒരു സമാധാനം മാത്രം കൂട്ടിന്. അപ്പോഴാണ് അവൾ നാടകീയമായി രംഗപ്രവേശം ചെയ്തത്. ഒരു റോസാപ്പൂ മുടിയിൽ ഒരു വശത്ത് ചൂടിയ ഹെയർ ബാൻഡ് ഒക്കെ വെച്ച ഒരു ചെറു പുഞ്ചിരി മുഖത്ത് വെച്ച ചുറുചുറുക്കുള്ള ഇരുനിറക്കാരി!

അവളെ കണ്ടപ്പോഴേ ആരോ പറയുന്നുണ്ടായിരുന്നു, “കണ്ടാലേ അറിയാം അവൾ ഭയങ്കര ജാടക്കാരിയാട്ടോ”, പിന്നീടുള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും നമ്മളോടോന്നും ‘കമ്പനി’ കൂടാതായപ്പോൾ എല്ലാവർക്കും അവളെ കണ്ടൂടാതായി. ദിവസങ്ങള് വളരെ വേഗം കടന്നു പോയി, ഇതിനകം അവൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അവൾക്കെപ്പോഴും 2 തോഴിമാർ ഉണ്ടായിരുന്നു. പിന്നെ കമ്പനി മുഴുവൻ നല്ല പഠിപ്പിസ്റ്റ് ടീമിനോടും, അപ്പൊ നമ്മൾക്ക് വല്യ റോൾ ഇല്ല്യാന്നു പറയേണ്ടല്ലോ! ബോയ്സ് സ്കൂൾ ആയോണ്ട്, സ്കൂളിൽ ‘കളർ’ കുറവായിരുന്നു പൊതുവെ. ആ കുറവാണ് ഞങ്ങടെ +2 തീർത്തത്.

അതോണ്ടന്നെ സ്കൂളിലെ മാത്രമല്ല പുറത്തെയും സകല വായ്നോക്കികളും കേറി ഇറങ്ങാൻ തുടങ്ങി ഉച്ച സമയങ്ങളിൽ! സ്കൂളിൽ ആണെങ്കിൽ പത്താം ക്ലാസ്സിലൊക്കെ 17 മുതൽ 20 വയസ്സു വരേയുള്ള ‘മുട്ടാളന്മാ’രൊക്കെയാണ് പഠിക്കണത്.(നമ്മൾ എല്ലാ ക്ലാസ്സിലും ജയിച്ചു വന്നോണ്ട് നമുക്ക് പ്രായം കുറവാണെ!) അവന്മാരൊക്കെ പോരാഞ്ഞിട്ടാണ് പുറത്തുള്ള തുന്നല്ക്കാരനും, ഓട്ടോക്കാരനും ഒക്കെ കേറി ഇറങ്ങണത്.

അങ്ങനെ ഇരിക്കെ കലോത്സവം വന്നു, ഞങ്ങൾ ഒരു മൈം തട്ടിക്കൂട്ടി എടുത്തു. പിന്നെ ടാബ്ലോ, ‘മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്’ എന്ന പോലെ ഒരുപാട് ടീംസ് ഒന്നും ഇല്ല്യാത്തോണ്ട് നമ്മള് പ്രൈസ് അടിച്ചോണ്ട് വന്നു. അന്ന് വന്നു ഒരു ‘കണ്ഗ്രാറ്റ്സ്’ പറഞ്ഞുട്ടോ അവള്. അങ്ങനെ ഒരു വർഷോം കഴിഞ്ഞു, നമ്മള് ഇപ്പോഴും ക്ലാസ്സിലെ പിള്ളേരെ പരിചയപ്പെട്ടു തീർന്നും ഇല്ല. (ഇത് പന്ത്രണ്ടു വർഷം മുമ്പത്തെ കഥയാട്ടോ, അന്നൊന്നും ഈ ബോയ്സ്-ഗേൾസ് ചങ്ങാത്തം ഇന്നത്തെ പോലെ അല്ല, മിണ്ടാൻ പോയാൽ ‘ന്യൂസാക്കണ’ കാലാണ്, അതോണ്ട് വളരെ സൂക്ഷിച്ചും കണ്ടും ഒക്കെയേ മിണ്ടാറുള്ളൂ. അതന്നെ ‘സാർ വന്നിട്ടുണ്ടോ’, ‘ഇന്നലത്തെ പ്രോബ്ലം സോൾവ് ചെയ്തോ’ തുടങ്ങി തികച്ചും അക്കാദമിക് ക്വസ്റ്റിൻസ്!)

രണ്ടാം വർഷം വന്നു, ‘പ്രാക്റ്റിക്കൽസ്’ തുടങ്ങി. ഗ്രൂപ്പ് തിരിച്ചു, ഞാൻ ഉൾപ്പെട്ട ഗ്രൂപ്പിൽ ‘അവളും’ ഉണ്ടായിരുന്നു. നമ്പർ അനുസരിച്ച് ഞങ്ങൾ ആയിരുന്നു അടുത്തടുത്ത്. അതിനു മുൻപേ പറഞ്ഞു കേട്ടിരുന്നു, അവൾ വല്യ ‘സെറ്റപ്പ്’ ഒക്കെ ഉള്ള വീട്ടിലെ കുട്ടിയാണ്, വീട്ടില് 2 പട്ടി ഉണ്ട്, (ഇപ്പോഴും ഈ പട്ടീടെ കണക്കു നോക്കീട്ടാ തോന്നുന്നു ആൾക്കാരുടെ സ്റ്റാറ്റസ് അളക്കണത്!) കാർ ഉണ്ട്, എ സി ഉണ്ട് എന്നൊക്കെ. ഈ ഗ്രൂപ്പിലെ ഏക ആണ്തരി ഞാനായത് കൊണ്ട് സംശയങ്ങൾ ഒക്കെ ചോദിക്കേണ്ട ബാധ്യത സമർഥമായിട്ട് എന്റെ തലേൽ ഇട്ടു തന്നു ഇവര്. നമ്മൾ ‘ചാവേറാ’കാൻ ഒരുങ്ങി ഇരുന്നതോണ്ട് അതങ്ങേറ്റെടുക്കേം ചെയ്തു. വല്യ ആനക്കാര്യം ഒന്നുമല്ല, ഫിസിക്സ് സാറിനോട് മാത്രമേ ഇവർക്ക് മിണ്ടാൻ ബുദ്ധിമുട്ടുള്ളൂ, സാർ ആളൊരു ചൂടനാണ്. പിന്നെ പണ്ട് തൊട്ടേ ഉള്ള ഒരു വിശ്വാസമുണ്ടല്ലോ, സംശയം ചോദിക്കണ ആള്ക്ക് വിവരം കുറവാണെന്ന്! (അതായത് ഒരിക്കെ പറഞ്ഞിട്ട് മനസ്സിലാവാത്തോണ്ടാണല്ലോ വീണ്ടും ചോദിക്കണത്, ഏത്?) സാറാണെങ്കിൽ നേരെ തിരിച്ചാ വിചാരിച്ചത്, എല്ലാം ചോദിച്ചു മനസ്സിലാക്കുന്ന ‘പഠിപ്പിസ്റ്റ്’, ഏത്? അതോണ്ടാണ് ഒരു സീരീസ് എക്സാമിനു മാർക്ക് കുറഞ്ഞപ്പോ നിർത്തിപ്പൊരിച്ചത്. ‘”സംശയം’ ചോദിച്ചാ മാത്രം പോര, പഠിക്കണംന്നു’ (അതിനു ഞാനെവടെ ചൊയിച്ചൂ, ഒക്കെ ഇവളുമാര് പറയണതല്ലേ, എന്റെ ഭഗവാനെ!) അതോടെ ഞാൻ ഈ മെസ്സേന്ജർ പണി നിർത്തി!

നമ്മൾ പറഞ്ഞു വന്ന ‘ടോപിക്’ മാറി, സോറി. അപ്പൊ ഞങ്ങൾ സംസാരിക്കാൻ തുടങ്ങീ എന്നതാണ് ഈ പ്രാക്ടിക്കൽ കൊണ്ട് ഉണ്ടായ ഗുണം. ക്ലാസ്സിലും എന്തെങ്കിലുമൊക്കെ സംസാരിക്കാൻ തുടങ്ങി. അവൾ പറയുമായിരുന്നു എൻട്രൻസ് എഴുതി ‘മെഡിസിൻ’ എടുക്കണം, ഡോക്ടർ ആകണം, വീട്ടുകാരുടെ വല്യ ആഗ്രഹാണ് എന്നൊക്കെ. അപ്പോഴൊന്നും അവൾക്കൊരു ജാടക്കാരീടെ മുഖമായിരുന്നില്ല. പിന്നീടെപ്പോഴോ, അനിയനുമായി ‘ഡിസ്കവറി’ ചാനൽ വെക്കാൻ തല്ലുകൂടി, അതോണ്ട് വീട്ടില് ഒരു പുതിയ ടി വി കൂടെ വാങ്ങാൻ പോവാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഇതൊക്കെ കുറച്ചു ജാടയല്ലേ എന്ന് തോന്നിയിരുന്നു. കാരണം അന്നും എന്റെ വീട്ടില് കെൽട്രോണിന്റെ പഴയ ബ്ലാക്ക് & വൈറ്റ് ടി വി ആണ് ഉണ്ടായിരുന്നത്. പിന്നെ അവളുടെ ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരെയും അവൾ മാറ്റിയെടുത്തു. ഞങ്ങൾ അവളുടെ ‘ഇരട്ടപ്പേര്’ അറിയാതെ പറയുന്ന ആളുകളെ വരെ ചീത്ത പറയാൻ തുടങ്ങി. ആയിടക്കാണ് ഒരു ഹൈസ്കൂൾ പയ്യന് കമ്മന്റ് അടിച്ചു ശല്യം ചെയ്യുന്നു എന്ന പരാതി അവൾ ഉന്നയിച്ചത്. പ്രദമദൃഷ്ട്യാ സംഭവം ശരിയാണെന്ന് മനസ്സിലാക്കി നമ്മടെ ഒരു സാറിനോട് പറഞ്ഞപ്പോ ‘ഇതിനൊക്കെ നമ്മൾ എന്ത് ചെയ്യാനാ, നിങ്ങൾ എന്താന്നെച്ചാ ചെയ്തോ’ എന്ന മറുപടി കൂടി കിട്ടിയതോടെ ‘വർഗ്ഗബോധം’ ഉണർന്നെണീട്ടു, അങ്ങനെ അടുത്ത ദിവസം ‘ടി പയ്യനെ’ വിളിച്ച് ഉപദേശിക്കുമ്പോളാണ് അവൻ നമ്മടെ ‘വർമാജിയെ’ കോക്രി കാണിച്ചത്. ഒരു നിമിഷം കൊണ്ട് അവൻ ഓടുന്നതും വർമ പുറത്തിട്ടു ചാടി ചവിട്ടണതും ഒക്കെ കണ്ടു, പിടിച്ചു മാറ്റിയിട്ടും ‘ഇഷ്ടൻ’ അടങ്ങീല്ല, ഞാനൊക്കെ പിടിച്ചിട്ടു അവന്റെ കൈ പോലും അടങ്ങണില്ല! ഈ വക കാര്യങ്ങളിൽ ഒന്നും താല്പര്യം കാണിച്ചിട്ടില്ലാത്ത അവനിതെന്തു പറ്റി എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, മനസ്സിലാവണ രീതിയിൽ ആശാൻ ഒന്നും പറയുന്നുമില്ല.

പിന്നെ ഒരാഴ്ച എല്ലാവരും ഒരുമിച്ച് ക്ലാസ്സ് കഴിഞ്ഞു ബസ്സ് കേറാൻ പോകുന്നു, ഒരുമിച്ച് ക്ലാസ്സിൽ വരുന്നു അങ്ങനെയോക്കെയായി കാര്യങ്ങൾ, കാരണം ‘അലമ്പ്’ ഉണ്ടാക്കിയോൻ ‘ലോക്കൽ’ ആണെന്ന്! ഒരിക്കൽ വർമാജിയെ ഒറ്റക്ക് കിട്ടിയെങ്കിലും ടിയാൻ ‘എടാ’ ‘പോടാ’യിൽ തീർത്തു. കാരണം 2 പേർക്കും പരസ്പര ബഹുമാനം!

അപ്പൊ എല്ലാവർക്കും അവളെ ഇഷ്ടായിത്തുടങ്ങീ എന്നാണ് നമ്മൾ പറഞ്ഞു വന്നത്. ആയിടെക്കാണ് ഫിസിക്സ് സാറുമായി ഒരു പ്രശ്നം ഉണ്ടാവണത്. (ഇന്നും ഞങ്ങൾക്കാർക്കും മനസ്സിലാകാത്ത കാരണമാണത്). ക്ലാസ്സ് തീരാൻ ഒരു മാസം മാത്രം നിൽക്കെ അവൾ പടിയിറങ്ങി. ഇനി പരീക്ഷക്കെ വരുള്ളൂന്നോ, വേറെ സെന്ററിൽ എഴുതുമെന്നൊ ഒക്കെ കേട്ടു. പിന്നെ അവളെ ഞങ്ങളാരും കണ്ടിട്ടില്ല. പക്ഷെ അപ്പുറത്തെ ബാച്ചിലെ ഒരു കുട്ടി യാദൃശ്ചികമായി ഇവളുടെ വീട് കണ്ടു. ഞങ്ങൾ ആ വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി, കാരണം അവളുടെ വീട് എന്നത് പണി തീരാത്ത ഒന്നായിരുന്നു, വീട്ടില് പട്ടിയൊന്നും ഇല്ലായിരുന്നു, കറന്റ് പോലും ഇല്ലാത്ത ഒരു വീട്! കാർ പോയിട്ട് സൈക്കിൾ പോലും ഇല്ലാത്ത ഒരു വീട്! ആ വീടിനേക്കുറിച്ചാണ് അവൾ നിലം ‘ഗ്രാനൈറ്റ്’ ആണെന്ന് പറഞ്ഞത്. എ സി ഉണ്ടെന്നു പറഞ്ഞത്. പക്ഷെ ഒരു കാര്യം സത്യമായിരുന്നു അവൾ എന്ട്രന്സിനു പോകുന്നത്, അതവരുടെ ഏറ്റവും വല്യ ആഗ്രഹമായിരുന്നു. പക്ഷെ ഞങ്ങൾ അവളെ പരീക്ഷക്ക് കണ്ടില്ല.

പിന്നെയറിഞ്ഞു വർമക്ക് അവളോടുള്ള സോഫ്റ്റ് കൊർണറിന്റെ കഥ. അന്യ മതസ്ഥയായ അവളെ അവൻ പ്രേമിക്കാൻ കാണിച്ച ചങ്കൂറ്റം ഞങ്ങളെ ആവേശഭരിതരാക്കി! അപ്പോഴാണ് വർമാജി പറയുന്നത് അവൻ അത് അവളോട് പറഞ്ഞിട്ടില്ലാന്നു! ഒരുപാട് കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വന്നു, ഞങ്ങൾ പോകുന്ന ഇടത്തെല്ലാം അവളെ തിരഞ്ഞു, കണ്ടില്ല. സാധ്യമായ രീതിയിൽ ഞങ്ങളൊക്കെ അന്വേഷിച്ചു, കണ്ടെത്തിയില്ല. അവൾ ഞങ്ങളുടെ മനസ്സിലെ നൊമ്പരമായി മാറിയിരുന്നു അപ്പോഴേക്കും.

ഒടുവിൽ ഈയടുത്ത് മറ്റൊരു സുഹൃത്ത് പറഞ്ഞു അവൾ ഫേസ്ബുക്കിൽ ഉണ്ടെന്നു, കണ്ടു, സംസാരിച്ചു, അവൾ പറഞ്ഞു അവളൊരു ‘നേഴ്സ്’ ആണെന്ന്, ‘ഡോക്ടർ’ ആവാൻ കൊതിച്ച പെണ്കുട്ടി, അവൾ ഒരു നേഴ്സ് ആയിത്തീർന്നിരിക്കുന്നു!! അവൾ പറഞ്ഞു ഇപ്പോഴത്തെ ജീവിതം സന്തോഷകരമാണെന്ന്, അന്യനാട്ടിലാണെങ്കിലും നമ്മളെ ഒക്കെ ഓർക്കാറുണ്ടെന്ന്. പിന്നെ അന്ന് പറഞ്ഞ നുണകൾ, ജീവിതം അത്രമേൽ ദു:ഖകരമാകുമ്പോൾ അത് വെറുതെ പങ്കുവെച്ച് മറ്റുള്ളവരുടെ സഹതാപം ഏറ്റുവാങ്ങാൻ അവൾ തയ്യാറല്ലായിരുന്നു. പിന്നെ സ്വയമേ വിശ്വസിപ്പിക്കാനും കൂടിയാണ് അവൾ ആ ജാടക്കാരിയുടെ വേഷം അണിഞ്ഞതെന്ന്! പക്ഷെ ആ സ്ക്കൂൾ വിട്ടത് അവരുടെ കണക്കു കൂട്ടലുകൾ തകർത്തു, പപ്പാ മരിച്ചു, പിന്നെ ആരോടൊക്കെയോ കടം വാങ്ങിയൊക്കെയാണ് ‘നഴ്സിംഗ്’ പഠിച്ചത്. ഇപ്പോൾ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം അവൾ ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നു, അവളുടെ അനുജത്തിക്കുട്ടി (അവൾക്ക് അനിയനല്ലായിരുന്നു, അനുജത്തി ആയിരുന്നു എന്നതും ഇപ്പോഴാ പറയണത്!) ഇപ്പോൾ എം.ബി.ബി.എസ് കഴിഞ്ഞ് നഗരത്തിലെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിൽ അവസാനവർഷ പി.ജി വിദ്യാർഥിനിയാണ്.

എന്തിനായിരുന്നു ഇത് എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് രണ്ടു ‘സ്മൈലി’ അയച്ചു. ജീവിതം ഇങ്ങനെയൊക്കെയാണ്. നമ്മുടെ ത്യാഗം മറ്റുള്ളവർക്ക് നന്മ വരുത്തുമെങ്കിൽ ചെയ്യാൻ മടിക്കേണ്ടതില്ല എന്ന്. വർമയുടെ കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു അതൊക്കെ അന്നേ എനിക്കറിയാമായിരുന്നു എന്ന്. അവനിപ്പോഴും കാത്തിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇനി അതൊന്നും ശരിയാവില്ല എന്നായി, ഇത്രയും കാലം മറ്റൊരു വിവാഹവും കഴിയാതെ ഇരുന്നത് ഒരു പക്ഷെ അതിനു വേണ്ടിയായിരിക്കും എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, അതല്ല, താൻ കല്യാണം കഴിച്ചാൽ പിന്നെ കുടുംബം നോക്കാൻ പറ്റില്ല, പരിമിതികൾ കാണും എന്ന്. പക്ഷെ വർമ എല്ലാം അറിഞ്ഞു മുന്നോട്ടു വന്നപ്പോൾ അവൾക്കെതിർക്കാൻ കഴിഞ്ഞില്ല. അവളുടെ അനുജത്തിയുടെ കല്യാണം കഴിഞ്ഞ് മതി എന്ന ഒരു ഡിമാന്റ് മാത്രം. അങ്ങനെ സ്ത്രീയെ അവളുടെ സ്വർണ്ണത്തിന്റെയും സമ്പത്തിന്റെയും കണക്കു നോക്കാതെ അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന ഒരു പയ്യൻ വന്നു, അനുജത്തിയുടെ കല്യാണം നടന്നു.

ഇനി ഇന്ന് അവളുടെ ഊഴമാണ്. ഞങ്ങളൊക്കെ ആ കല്യാണം കൂടി അതിന്റെ സദ്യയുമുണ്ട് അവർക്ക് ആശംസകൾ നേർന്നു മടങ്ങി. ഞങ്ങളെ വിസ്മയിപ്പിച്ച ‘പനിനീർപ്പൂ’ ചൂടിയ ജാടക്കാരി ഇന്ന് സുമംഗലിയായിരിക്കുന്നു! ഞങ്ങളുടെ സ്വന്തം വർമയുടെ കാത്തിരിപ്പും സഫലമായിരിക്കുന്നു. ഞങ്ങളുടെ കൂട്ടുകാർ ഒരിക്കലും വേർപെടാത്ത വിധം ഒന്നായിരിക്കുന്നു.

പുറത്തു മഴ പെയ്യുന്നുണ്ട്, അവൾ എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു.

മധുരം! സൗമ്യം! ദീപ്തം!

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura