Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » വഴിപാട് – ശ്രീരേഖ കെ ആർ

വഴിപാട് – ശ്രീരേഖ കെ ആർ

*ജലശയ്യ= water bed

**************************************************************

കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനു താഴെ ഇളംനിറത്തിലുള്ള ജലശയ്യയിൽ* കിടന്ന് അമ്മുട്ടിയമ്മ ഞരങ്ങി . മേശപ്പുറത്ത് , തോൽവി സമ്മതിച്ചിട്ടും ഞങ്ങളെ വിഴുങ്ങുന്നതെന്തിനെന്ന പ്ലക്കാർഡുമായി ഒരു കൂട്ടം ഗുളികകൾ സമരം ചെയ്യുന്നു .ഡെറ്റോളിന്റെ മണം തങ്ങി നിൽക്കുന്ന മുറിയുടെ ഒരു മൂലയിൽ എതോ മാഗസിൻ വായിച്ചുകൊണ്ടിരിക്കുന്ന ഹോം നേഴ്സ് കണ്ടില്ല . അപ്പോഴേക്കും മാധവൻ വന്നു .

“അമ്മയ്ക്ക് ഒരു മാറ്റവുമില്ല ,എന്നാണ് ഇതിനൊരവസാനമെന്ന ആശങ്കയിലാണ് ഏവരും . എത്രയും വേഗം എല്ലാം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു ”

— മാധവൻറെ വിലാപം കേട്ട് ഏതോ ഒരു വികാരം എൻറെ ചുണ്ടിനെ ഒരു വശത്തേക്കു വലിച്ചു . എന്താണത് ? ഓ ..പുച്ഛം …അതു തന്നെ ..

പിന്നാലെ വന്ന ദേവിയും മാധവനെ ഏറ്റുപിടിച്ചു .ഏകദേശം രണ്ടു മാസങ്ങൾക്കു മുൻപ് അവരുടെ വീട്ടിൽ ആദ്യമായി പോയപ്പോൾ തന്നെ ദേവിയുടെ തനി സ്വരൂപം എനിക്കു മനസ്സിലായതാണ് . എല്ലായ്പ്പോഴും താൻ നൂറു ശതമാനം ശരിയാണ് എന്നാണ് അവരുടെ ഭാവം .ഒരു തെറ്റും ചെയ്യാത്ത അവരെ സഹിക്കേണ്ടി വരുമ്പോഴെല്ലാം അവരുടെ മുന്നിൽ ചെന്നതാണ് എന്റെ ഏറ്റവും വലിയ തെറ്റെന്നു എനിക്ക് തോന്നാറുണ്ട് !

അന്ന് , പുതിയ സഹപ്രവർത്തകന്റെ വീട്ടിൽ വിരുന്നു ചെന്ന എന്നെ വരവേറ്റത് അസഹ്യമായ ദുർഗന്ധമായിരുന്നു .അടച്ചിട്ട മുറിയിൽ അമ്മ മരണശയ്യയിലാണെന്നും അവിടെ നിന്നാണ് ഈ ദുർഗന്ധമെന്നും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ മാധവനെ നിർബന്ധിച്ച് ഒരു ഹോം നേഴ്സ്സിനെ ഏർപ്പാടാക്കി കൊടുത്തത് ഞാനാണ് . അതിന്റെ പേരിൽ ദേവിക്ക് എന്നോട് അമർഷവുമുണ്ടായിരുന്നു . എന്നും വാരി തേയ്ക്കാറുള്ള ക്രീമുകളുടെ ദുർഗന്ധത്തോടൊപ്പം അവർ മുഖത്തൊട്ടിക്കാറുള്ള പ്ലാസ്റ്റിക് ചിരി അസഹ്യമായത് കൊണ്ട് തന്നെ അങ്ങോട്ടുള്ള യാത്ര ഞാൻ കഴിവതും ഒഴിവാക്കാറുണ്ട് .പക്ഷെ ഇന്ന് , ഇന്നൊരു സുപ്രധാന ദിവസമാണ് .മാധവൻറെ പ്രവാസികളായ അളിയന്മാരെല്ലാം വരുമ്പോൾ സുഹൃത്തായി താൻ അവിടെ വേണമെന്ന് അയാൾ ശഠിച്ചു . ദുബായിലും ലണ്ടനിലും സാൻഫ്രാൻസിസ്കോയി ലുമുള്ള അളിയന്മാർ ഒത്തു കൂടുമ്പോൾ ഭാരതത്തിൻറെ ദേശീയ പാനീയ സല്ക്കാരം പതിവാണ് .

എന്നാൽ ഇന്ന് , ഏവരും കുളിച്ചു കുറിയിട്ട് ഭക്തിപൂർവ്വം നിശബ്ദതയിലാണ് .പറഞ്ഞ സമയത്തു തന്നെ പണിക്കർ വന്നു . മുഹൂർത്തം തീരുന്നതിനു മുൻപ് കബഡി നിരത്തി . ഏതോ കടൽക്കരയിൽ നിന്നും പെറുക്കിയെടുക്കപ്പെട്ട പാവങ്ങൾ സ്വന്തം ഭാവിയറിയാതെ പരക്കം പാഞ്ഞു . പണിക്കരുടെ മൌനം കൂടി നിന്നവരുടെ ക്ഷമ നശിപ്പിച്ചു .

കൂട്ടത്തിൽ അല്പം തല മൂത്ത കാരണവർ ഡോ .ശ്രീധരൻ കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു – ” എന്താണെന്നു വച്ചാൽ ഇപ്പോൾ തീരുമാനിക്കണം . ഞങ്ങളീ കാശും മുടക്കി കടൽ കടന്നു വന്നിട്ട് വെറുതെയാവുന്നത് ഇതാദ്യത്തെ തവണയൊന്നുമല്ല. ഇവിടുത്തെ issues ഒക്കെ ഒന്നവസാനിപ്പിച്ചിട്ടു വേണം ഈ ഫയലൊന്ന് ക്ലോസ് ചെയ്യാൻ !!! ഞങ്ങൾക്ക് വേറെയും പണിയുണ്ട് .

ഒരു നിമിഷം .. 16 ഏക്കർ പരന്നു കിടക്കുന്ന issues നെക്കുറിച്ചോർതതപ്പോൾ എല്ലാവരുടെയും ഉള്ളൊന്നു തണുത്തു . അമ്മ മരിക്കാത്തത് എന്തുകൊണ്ടാണെന്നു കണ്ടുപിടിക്കാൻ മക്കൾ ഒരുപാട് ദൂരെ നിന്നും വരുത്തിയ പണിക്കർ സ്വന്തം അമ്മയെക്കുറിച്ചോർത്തുവോ എന്തോ ..

പണിക്കരുടെ മൌനത്തിൽ പലകയിലെ കബഡിക ൾ അസ്വസ്ഥരായി .

എനിക്കെൻറെ അമ്മയെ ഓർമ വന്നു.ഓർക്കുവാൻ മാത്രമൊന്നും ഓർമ്മയിലില്ലെങ്കിലും കയ്യാലപ്പുറത്തേക്കുള്ള കോണിച്ചുവട്ടിൽ പൊടി പിടിച്ചു മങ്ങിയ ഒരു ചിത്രം എൻറെ കണ്ണിൽ തെളിഞ്ഞു . ചിറ്റമ്മ യ്ക്ക് എന്നെക്കാളും ഇഷ്ടം അനിയനെയായിരുന്നു . ആർക്കും മമത സ്വാഭാവികം . ഓ ..മതി.. സ്ഥിരം കഥ തന്നെ…

പണിക്കർ വീണ്ടും കബഡി നിരത്തി ചോദിച്ചു . “ഏതെങ്കിലും അമ്പലത്തിൽ പോകണമെന്ന് അമ്മ ആഗ്രഹം പറയാറുണ്ടോ ? ”

ചോദ്യം തീരും മുൻപേ , മാധവൻ വാ തുറക്കും മുൻപേ എവിടെ നിന്നാണെന്നറിയില്ല ദേവി അവതരിച്ചു “കിടപ്പിലാവണേൻറെ തലേന്നല്ലേ മാധവേട്ടാ നമ്മള് അമ്മെ ഗുരുവായൂര് കൊണ്ടോയില്ല്യെ .. അസ്സലായി തോഴീച്ച് പ്രസാദോം വാങ്ങി , അമ്മേ ഉഴിഞ്ഞ് ആൾ രൂപോം എടുത്തു വച്ചിട്ടാ ഏടത്തീ ഞങ്ങൾ മടങ്ങിയത്.. “ശബ്ദം അൽപം താഴ്ത്തി 2 സ്പൂണ് ദൈന്യത ചേർത്ത് -” ഈ കിടപ്പിനൊരുത്തരം കിട്ട്യാ വെണ്ണ കൊണ്ട് തുലാഭാരോം നേർന്നുണ്ട് ഏടത്തി ഞാൻ … അല്ലെ മാധവേട്ടാ ..”

മുക്കണോ മൂളണോ എന്നറിയാത്ത മാധവൻ വർഷങ്ങളായി തനിക്കു പരിചയമുള്ള “അതു തന്നെ ” എന്ന ഭാവം മുഖത്ത് ഭംഗിയായി വിരിയിച്ചു . “ചക്കിക്കൊത്ത ചങ്കരൻ ” എന്ന പഴഞ്ചൊല്ലിൻറെ ജന്മം ഈ വീടിൻറെ പരിസരത്തെവിടെയെങ്കിലുമാകും .. മരണാനന്തരം തുലാഭാരം നേർച്ചയുണ്ടോ എന്ന ചോദ്യം അസ്ഥാനത്താണെന്ന് മനസ്സിലാക്കി ഞാൻ സൌകര്യപൂർവ്വം വിഴുങ്ങി .

അനാവശ്യമായ പ്രസ്താവനകൾ ഇഷ്ടപ്പെടാത്ത മട്ടിൽ പണിക്കർ തൻറെ ചോദ്യം വിശദീകരിച്ചു .

“ഏതോ ക്ഷേത്രത്തിൽ ഏതോ വഴിപാടിന് അമ്മ പണമുഴിഞ്ഞു വച്ചിട്ടുണ്ട് . ശിവനെയാണു ഞാൻ കാണുന്നത് . അതിനൊരു തീർച്ച വരുത്താതെ ഈ ജീവന് ശരീരം വിടാനാവില്ല .”

പണിക്കരുടെ വിശദീകരണം എല്ലാ മുഖത്തും ഒരു പോലെ അമ്പരപ്പ് വിതച്ചു. “പ്രതിവിധിയെന്തെങ്കിലും ..” മാധവൻ തല ചൊറിഞ്ഞു . അപേക്ഷാസ്വരത്തോടൊപ്പം കുറച്ചു ഗാന്ധി മുഖങ്ങൾ ദക്ഷിണത്തട്ടിലെത്തി. മാധവൻറെ ചോദ്യത്തിന്റെ ഈണം പണിക്കർക്ക് നന്നേ ബോധിച്ചു . മനസ്സിരുത്തി വിചാരിച്ചപ്പോൾ പരിഹാരവും തെളിഞ്ഞു .

“തൽക്കാലം പ്രശസ്തമായ മൂന്നു ശിവക്ഷേത്രങ്ങളിൽ ദിവസപൂജ നടത്തി തീർത്ഥം അമ്മയെ സേവിപ്പിക്കൂ . ഞാൻ എൻറെതായ ഒരു പൂജയും നടത്താം . അതോടെ ഈ ആത്മാവിനു മോക്ഷം കിട്ടി ഈ ശരീരം വിട്ടു പോകാൻ കഴിയണേ എന്ന് എല്ലാവരും പ്രാർത്ഥി ക്കൂ ”

കേട്ട പാതി കേൾക്കാത്ത പാതി ടാബ്ലെറ്റുകളും ഗൂഗിൾ മാപ്പുകളും ചേർന്ന് അമ്പലങ്ങളുടെ പട്ടിക തയ്യാറായി .സ്പാർക്കും എക്കൊസ്പൊർട്ടും എസ് ക്രോസ്സും പാഞ്ഞു . 16 ഏക്കറിൻറെ വീതം വയ്പ് മനക്കണക്ക് കൂട്ടുന്ന നാത്തൂന്മാർക്കിടയിൽ നിന്ന്, ലക്ഷങ്ങൾ ചെലവാക്കി അന്യനാട്ടിൽ ഡോക്ടറാകാൻ പഠിക്കുന്ന മകളുടെ മിടുക്കും സൗന്ദര്യവും വിവരിച്ച് ദേവി സംതൃപ്തിയടഞ്ഞു . അത്യാവശ്യമായി whatsapp നോക്കാൻ നെറ്റ് റീചാർജ് ചെയ്യാൻ ഹോം നേഴ്സ് പോയത് കൊണ്ട് പതിവ് മരുന്ന് വൈകിയ അസ്വസ്ഥതയിൽ അമ്മുട്ടിയമ്മ ഞരങ്ങി – ഞാൻ ദേവിയോട് ഗുളിക കൊടുക്കാൻ ആവശ്യപ്പെടുന്നത് വരെ!! …

**************************************************************

പിറ്റേന്ന് രാവിലെ മാധവൻറെ നിർബന്ധം വീണ്ടും എന്നെ ആ വീട്ടിലെ ഒരു കാഴ്ചക്കാരനാക്കി .അമ്മുട്ടിയമ്മയുടെ മേശപ്പുറത്തെ മരുന്നുകൾ പ്രസാദങ്ങൾക്കു സ്ഥാനമൊഴിഞ്ഞു കൊടുത്തിരിക്കുന്നു . സ്നേഹസമ്പന്നരായ മക്കളും മരുമക്കളും അമ്മയുടെ കട്ടിൽ വലയം ചെയ്തു നില്ക്കുന്നുണ്ട്. ഹോം നേഴ്സ് സാധനങ്ങൾ എല്ലാം ഒതുക്കി ഡ്യൂട്ടി അവസാനിപ്പിക്കാൻ തയ്യാറായ ഭാവത്തിൽ നില്പ്പുണ്ട് . പേരക്കുട്ടികളിൽ ഒരുവൻ മൊബൈൽ ക്യാമറ ഓണ് ചെയ്യാനൊരുങ്ങുന്നത് സ്നേഹപൂർവ്വം തടഞ്ഞു , ഞാൻ ഒരു മൂലയിൽ ഒതുങ്ങി നിന്നു .

ഏക മകനായ മാധവൻ , (വർഷങ്ങൾക്കു ശേഷമായിരിക്കണം ) അമ്മയുടെ അടുത്തിരുന്നു പറഞ്ഞു .”ആദ്യം വടക്കും നാഥൻറെ തീർത്ഥം തന്നെയാവാം .
അമ്മ വലിയ വടക്കുംനാഥ ഭക്തയാണല്ലോ .”

പ്രതീക്ഷയോടെ അമ്മയുടെ പാതി തുറന്ന വായിൽ തീർത്ഥം പകരുന്ന മാതൃസ്നേഹം കണ്ട് കണ്ണല്ല , നെഞ്ചാണ് കലങ്ങിയത് . തീർത്ഥം ആ പാവം അമ്മ കുടിച്ചോ എന്തോ, ഒഴിച്ചതിൽ പാതി ചുണ്ടിൻറെ കോണുകളിലൂടെ ഒഴുകി .ആ കണ്ണുകളടഞ്ഞു. ആ ശ്വാസം നിലച്ചു . മക്കൾക്കെല്ലാം ആശ്വാസം ..

സംസ്കാര ക്രിയകൾക്കൊപ്പം തന്നെ issues ഉം ഒത്തു തീർപ്പാക്കാൻ എല്ലാവരും നല്ല വണ്ണം ഉത്സാഹിച്ചു . സ്വന്തം മകൻറെ കൈ കൊണ്ട് ഒരു തുള്ളി വെള്ളം കുടിക്കാൻ ആ അമ്മക്ക് അവസരമൊരുക്കി കൊടുത്ത പണിക്കർക്ക് മനസ്സാ നന്ദി പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു .

ആ അമ്മ കാത്തു കിടന്നത് ഈ ഒരു വഴിപാടിനു വേണ്ടിയായിരുന്നിരിക്കാം എന്ന് മനസ്സിൽ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു !!!…..

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a ReplyOR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura