Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » നിങ്ങളില്‍ പാപമില്ലാത്തവര്‍……… – ശ്രീജിത്ത് സുഗതൻ

നിങ്ങളില്‍ പാപമില്ലാത്തവര്‍……… – ശ്രീജിത്ത് സുഗതൻ

 

കല്ലെറിയാന്‍ തയ്യാറായി, ചുറ്റും കൂടിനിന്ന മുഖങ്ങളിലേക്കു അവള്‍ സൂക്ഷിച്ചു നോക്കി. പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ മുഖംമൂടികള്‍ക്കുള്ളില്‍  ഒളിപ്പിച്ചു വെച്ചിരുന്നിട്ടും അവള്‍ തിരിച്ചറിഞ്ഞു. തന്‍റെ വേദന മറന്നു ഒരു നിമിഷം അവള്‍ പരിഹാസത്തോടെ ചിരിച്ചു.

 

ആ ചിരിയിലെ പരിഹാസം ബോധ്യപ്പെട്ട ചിലരെങ്കിലും അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു, കല്ലുകള്‍ മുറുകെ കയ്യില്‍ പിടിച്ചു നിന്നു.

 

ഇരുളിന്‍റെ മറവില്‍ ഉടുതുണി അഴിച്ചു ആവേശത്തോടെ അവളെ പുല്‍കുമ്പോള്‍, ഒടുവില്‍ ദാഹം തീര്‍ന്നു തളര്‍ന്നു കിടക്കുമ്പോള്‍ – അവരുടെ കയ്യില്‍ സദാചാരത്തിന്‍റെ കറുത്ത കല്ലുകള്‍ ഉണ്ടായിരുന്നില്ല. ഒരു രാത്രിയുടെ ശമ്പളമായി എറിഞ്ഞു കൊടുക്കാന്‍ സൂക്ഷിച്ച കുറെ നാണയത്തുട്ടുകള്‍ – അവളുടെ വിശപ്പിന്‍റെ വില.

 

പക്ഷെ, ഇന്നു ഈ പകല്‍ വെളിച്ചത്തില്‍ അവള്‍ അവര്‍ക്ക് തീണ്ടാരിയായി. അവളെ പിഴച്ചവളെന്നും വേശ്യയെന്നും മുദ്രകുത്തി. ദൈവത്തിനോട് കണക്കു പറയുന്ന പുരോഹിതന്മാര്‍ അവള്‍ക്കു മരണം വിധിച്ചു_ കല്ലെറിഞ്ഞു കൊല്ലുക!

 

ഇന്നലെ വരെ കൂടെ കിടക്കാന്‍ മത്സരിച്ചവര്‍ ഇന്നു കൈകളില്‍ കല്ലുകളേന്തി വധശിക്ഷ നടപ്പാക്കാന്‍ വെമ്പി നില്‍ക്കുന്നു.

 

അവള്‍ക്കു വിഷമം തോന്നിയില്ല.

 

മറിച്ചു ആ വിധി അവള്‍ക്കു സ്വീകാര്യമായി തോന്നി. ഇനി ഒരിക്കലും വിശപ്പിനു പകരം രേതസ്സ് പുരണ്ട നാണയങ്ങള്‍ അറപ്പോടെ പെറുക്കിയെടുക്കേണ്ടി വരില്ല എന്നോര്‍ത്ത് അവള്‍ ആശ്വസിച്ചു. ചുണ്ടില്‍ ഒരു വരണ്ട ചിരി പടര്‍ന്നു.

 

ശരീരത്തില്‍ വേദനയായി കല്ലുകള്‍ വീണു തുടങ്ങിയപ്പോള്‍, മരണത്തെ എതിരേല്‍ക്കാന്‍ തയ്യാറായി അവള്‍ പതുക്കെ കണ്ണുകള്‍ അടച്ചു.

 

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

 

എങ്ങു നിന്നോ മുഴങ്ങിയ ഈ വാക്കുകള്‍ കേട്ടു അവള്‍ കണ്ണുകള്‍ തുറന്നു പകച്ചു നോക്കി. ഒരു നിമിഷം കല്ലെറിയുന്നത്‌ നിറുത്തി അവരും ആ ശബ്ദത്തിന്‍റെ ഉറവിടം തിരഞ്ഞു.

 

തെരുവിന്‍റെ ഒരറ്റത്ത് കീറിപ്പറിഞ്ഞ കുപ്പായം ധരിച്ചു, ജഡകെട്ടിയ തലമുടിയില്‍ നിന്നും പേനുകളെ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തന്‍.

 

അവന്‍ വീണ്ടും അലറി വിളിച്ചു.

 

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

 

കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ ഒരു നിമിഷം പരസ്പരം നോക്കി എന്തൊക്കെയോ പറഞ്ഞു.

 

അവള്‍ പ്രത്യാശയോടെ ആ ഭ്രാന്തനെ നോക്കി.

 

അവനാണോ തന്‍റെ ദൈവപുത്രന്‍?

 

തുറിച്ചു നോക്കുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് ആ ഭ്രാന്തന്‍ തന്‍റെ ജഡയിലെ പേനുകളെ തിരഞ്ഞു കൊണ്ടിരുന്നു.

 

വീണ്ടും കല്ലേറ് തുടങ്ങി.

 

നാവില്‍ ചോരയുടെ രുചി പടരവേ, അവള്‍ ആ ഭ്രാന്തനോട് വിളിച്ചു പറഞ്ഞു,

 

“ദൈവപുത്രാ…ഇത് പാപം ചെയ്യാത്തവരുടെ ലോകം ആണ്. അങ്ങേയ്ക്ക്  ഇവിടെ സ്ഥാനമില്ല…തിരിച്ചു പോകു…

പാപിയായ എന്നെ ഇന്നു കല്ലെറിഞ്ഞു കൊല്ലുന്നു.

നാളെ അവര്‍ അങ്ങയെ കുരിശിലേറ്റും…”

 

ഒരു ഞരക്കത്തോടെ മരണത്തിലേക്ക് വഴുതിവീഴവെ, അവള്‍ മന്ത്രിച്ചു _

 

പാപികളായ ഞങ്ങളോട് നിങ്ങള്‍ പൊറുക്കുക!

 

 

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a ReplyOR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura